ജയ്പുര്‍:രാജസ്താനിലെ ചുരുവില്‍ വാഹനാപകടത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദര്‍ശനത്തിന് മുന്നോടിയായി ഡ്യൂടിക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി വന്ന വാഹനമാണ് അപകടത്തില്‍പെട്ടത്.
ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഖിന്‍വ്സര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ രാമചന്ദ്ര, കോണ്‍സ്റ്റബിള്‍മാരായ കുംഭാരം, സുരേഷ് മീണ, താനറാം, മഹേന്ദ്ര എന്നിവരാണ് മരിച്ചത്. സുജന്‍ഗഡ് സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായതെന്ന് ചുരു പൊലീസ് സൂപ്രണ്ട് പ്രവീണ്‍ നായക് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നാഗൗറില്‍ നിന്ന് ജുന്‍ജുനുവിലേക്ക് ഡ്യൂടിക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് വാഹനം ട്രകില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന ട്രക് പൊലീസ് വാഹനത്തെ മറികടന്ന ശേഷം പെട്ടെന്ന് ബ്രേക് ചവിട്ടി നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. വാഹനം ട്രകില്‍ ഇടിച്ച് അഞ്ച് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അപകടമരണത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. ‘ഇന്ന് അതിരാവിലെ, ചുരുവിലെ സുജന്‍ഗഢ് സദര്‍ ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാര്‍ മരണമടഞ്ഞ ദുഃഖകരമായ വാര്‍ത്ത ലഭിച്ചു. ഈ അപകടത്തില്‍ മരിച്ച എല്ലാ പൊലീസുകാരുടെയും കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ.”- അദ്ദേഹം എക്സില്‍ കുറിച്ചു.