കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിമുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം തുറക്കും. എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും.
മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിൽ 13 റൗണ്ടുകളായാണ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുക. തുടർന്ന് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. മൂന്ന് മുന്നണികളും പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. മുൻ മുഖ്യമന്ത്രിയും എംഎൽഎയും ആയിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.