കര്‍ഷക സമരം : സംഘര്‍ഷമുണ്ടാക്കിയവരുടെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കുന്നു

Breaking National

ചണ്ഡീഗഢ്: പഞ്ചാബ് അതിർത്തിയില്‍ കർഷകരുടെ സമരത്തിനിടെ സംഘർഷമുണ്ടാക്കിയവരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ്.ഹരിയാന അംബാല ജില്ലാ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

‘കർഷക സമരത്തിനിടെ ബാരിക്കേഡുകള്‍ തകർത്ത് സംഘർഷമുണ്ടാക്കിയ റൗഡികള്‍ക്കെതിരെ മാത്രമാണ് ഞങ്ങള്‍ നടപടി സ്വീകരിക്കുന്നത്’ -അംബാല ഡി.എസ്‌പി ജോഗീന്ദർ സിങ് പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതരുമായി ആശയവിനിമയം നടത്തുകയാണെന്നും ഡി.എസ്‌പി വ്യക്തമാക്കി.

സി.സി.ടി.വി, ഡ്രോണ്‍ ക്യാമറകള്‍, വീഡിയോഗ്രാഫി എന്നിവയിലൂടെ ബാരിക്കേഡുകള്‍ തകർക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അംബാല പൊലീസ് അറിയിച്ചു.

അതേസമയം, തങ്ങളുടെ വീടുകളില്‍ പൊലീസ് നോട്ടീസ് പതിച്ചിട്ടുണ്ടെന്ന് ഹരിയാന കർഷക യൂനിയൻ നേതാക്കള്‍ പറഞ്ഞു. ”ഒരു ഡസനിലധികം കർഷക യൂനിയൻ നേതാക്കളുടെ വീടുകളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫോണുകള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സർക്കാറിനെതിരെ പ്രതിഷേധിക്കുകയും യഥാർത്ഥ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണ് പൊലീസിന്റെ ഈ നടപടി” -ബി.കെ.യു (ഷഹീദ് ഭഗത് സിങ്) ഹരിയാന വക്താവ് തേജ്വീർ സിങ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *