കൊച്ചി: ദക്ഷിണേന്ത്യയിൽ ആദ്യമായി റീസം വാട്ടർ തെറാപ്പി എന്ന അതിനൂതനചികിത്സാരീതി വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. കഴിഞ്ഞ അഞ്ച് വർഷമായി മൂത്രമൊഴിക്കുമ്പോൾ അസഹനീയമായ വേദനയനുഭവിക്കുകയായിരുന്ന എറണാകുളം സ്വദേശിയായ 55 കാരനാണ് റീസം വാട്ടർ തെറാപ്പിയിലൂടെ അതിവേഗം സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ നടത്താൻ താല്പര്യമില്ലാതിരുന്ന രോഗി, ചികിത്സയ്ക്ക് സാധ്യമായ മറ്റ് വഴികൾ തേടുകയായിരുന്നു. ശസ്ത്രക്രിയ കൂടാതെ പ്രോസ്റ്റേറ്റ് വീക്കം ഭേദമാക്കുന്ന റീസം വാട്ടർ തെറാപ്പി നിർദേശിച്ചത് ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരാണ്.
വെറും 20 മിനിറ്റിനുള്ളിൽ തെറാപ്പി പൂർത്തിയാക്കിയ ശേഷം രോഗി വീട്ടിലേക്ക് മടങ്ങിപ്പോയി. നിത്യജീവിതത്തെ ഒട്ടും ബാധിക്കാതെ തന്നെ രോഗിക്ക് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് ഈ തെറാപ്പിയുടെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയിൽ റീസം വാട്ടർ തെറാപ്പി നടത്തുന്ന മൂന്നാമത്തെ ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി.
ആസ്റ്റർ മെഡ്സിറ്റിയിലെ ലേസർ എൻഡ്യൂറോളജി പ്രോഗ്രാം ഡയറക്ടറും സീനിയർ ഡോക്ടറുമായ സന്ദീപ് പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് റീസം വാട്ടർ തെറാപ്പി വിജയകരമായി നിർവഹിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ധിയിൽ ഗുരുതരമല്ലാത്ത രോഗങ്ങളുള്ള ചെറുപ്പക്കാർക്ക് ഭാവിയിൽ ഫലപ്രദമായ ഒരു ചികിത്സാരീതിയായി മാറാൻ റീസം വാട്ടർ തെറാപ്പിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കൂടാതെ രോഗം ഭേദമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതവും ഫലപ്രദവുമാണ് റീസം വാട്ടർ തെറാപ്പി. യൂറോലിഫ്റ്റ് പോലെയുള്ള മറ്റ് ശസ്ത്രക്രിയാ-രഹിത ചികിത്സാ മാർഗങ്ങളിൽ നിന്നുണ്ടാകുന്ന അതേ ഫലപ്രാപ്തി തന്നെ റീസം വാട്ടർ തെറാപ്പിയും നൽകുന്നു. എന്നാൽ മറ്റുള്ളവയെ അപേക്ഷിച്ച് ഈ ചികിത്സാരീതിക്ക് ചെലവ് കുറവാണ്. വ്യത്യസ്ത ഘടനകളിലുള്ള മൂത്രസഞ്ചികളിൽ ഇമ്പ്ലാന്റുകൾ ഒന്നും കൂടാതെ തന്നെ വേദനയിൽ നിന്ന് ആശ്വാസം നല്കാൻ ഈ തെറാപ്പിക്ക് കഴിയുമെന്ന് ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.
പ്രോസ്റ്റേറ്റ് വീക്കം ഭേദമാക്കാൻ ലേസർ ചികിത്സകളോ ഹോമിയം ലേസർ എനുക്ളിയേഷൻ ഓഫ് ദി പ്രോസ്റ്റേറ്റ് (HoLEP) ചികിത്സയോ ആണ് സാധാരണ ഉപയോഗിക്കാറുള്ളത്. മൂത്രസഞ്ചിയിൽ വീക്കമുണ്ടായി മൂത്രനാളിയെ ഞെരുക്കുമ്പോഴാണ് വേദനയും മൂത്രതടസവുമുണ്ടാകുന്നത്. ജലബാഷ്പത്തിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള താപോർജം ഉപയോഗിച്ച് മൂത്രസഞ്ചിയിലെ അധികമായുള്ള കോശങ്ങളെ നീക്കംചെയ്യുന്ന രീതിയാണ് റീസം വാട്ടർ തെറാപ്പി. മറ്റ് അസുഖങ്ങളുള്ള രോഗികൾക്കും സുരക്ഷിതമായി പ്രയോജനപ്പെടുത്താം അതുപോലെ ലൈംഗികശേഷിയെ ബാധിക്കുന്നതുമില്ല എന്നതാണ് ഈ ചികിത്സയുടെ മറ്റൊരു പ്രത്യേകത. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർക്കും ഈ തെറാപ്പി അനുയോജ്യമാണ്.