കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ ദേശീയതലത്തില്‍ ബിജെപി ശ്രമിക്കുകയാണ്: വി ഡി സതീശൻ

Breaking Kerala

ആലപ്പുഴ: തൃശൂരിലെ സിപിഎം- ബിജെപി സഖ്യം വളരെ വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.നിയമസഭ തിരഞ്ഞെടുപ്പിലേതു പോലെ കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങള്‍ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഉണ്ടാക്കുന്ന സെറ്റില്‍മെന്റില്‍ അവസാനിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സംഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികള്‍ മാത്രമെ പറയൂ.

കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ ദേശീയതലത്തില്‍ ബിജെപി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ജയിക്കാൻ സാധ്യതയുള്ള കേരളത്തില്‍ ബിജെപിയുമായി കേണ്‍ഗ്രസ് കൂട്ട് കൂടുമെന്ന് സിപിഎം പറയുന്നത്, അവർക്ക് പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ്. കോണ്‍ഗ്രസ് വിരുദ്ധതയാണ് സിപിഎം ലക്ഷ്യം. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം. ഇത് രണ്ടുമാണ് കൂടിയോജിക്കുന്നത്. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ, മാസപ്പടി, ലാവലിൻ കേസുകള്‍ സെറ്റില്‍ ചെയ്തതിന് പകരമായി കുഴല്‍പ്പണ കേസില്‍ നിന്നും കെ. സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തുവെന്നും വി ഡി സതീശൻ പറഞ്ഞു.

യു.ഡി.എഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും ഇന്ന് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ധനപ്രതിസന്ധി മുൻകൂട്ടി പ്രവചിച്ചിരുന്നു. രണ്ട് ധവളപത്രങ്ങളിലും ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ഇന്നത്തെ ധനപ്രതിസന്ധിയുടെയും കാരണങ്ങള്‍. ധനകാര്യ കമ്മീഷൻ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം ശക്തിയായി എതിർക്കും. ധനപ്രതിസന്ധിക്കുള്ള ഒരുപാട് കാരണങ്ങളില്‍ ഒന്ന് മാത്രമാണിത്. സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമൊക്കെയാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. ഐ.ജി.എസ്.ടിയില്‍ നിന്നും 30000 കോടി രൂപയാണ് കേരളത്തിന് നഷ്ടമായത്. ഈ പണം വാങ്ങിയെടുക്കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കാൻ കഴിവില്ലാത്ത സർക്കാരാണിത്. കൃത്യമായ രേഖകള്‍ നല്‍കാതെ അഞ്ച് വർഷം കൊണ്ട് 30000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. നികുതി ഭരണ സംവിധാനം പൂർണമായും ഇല്ലാതാക്കി കേരളത്തെ നികുതിവെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി.

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് പോലും മാറാനാകാത്ത സ്ഥിതിയാണ്. ഇങ്ങനെയുള്ളവർ എന്തിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിന്റെ വിശ്വാസ്യത പോലും ഇല്ലാതാക്കി. ട്രഷറി താഴിട്ട് പൂട്ടി താക്കോലുമായാണ് ഇവർ നടക്കുന്നത്. സർക്കാർ ഉണ്ടാക്കിയ കുഴപ്പം കൊണ്ടാണ് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായത്. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും സപ്ലൈകോയും കെട്ടിടനിർമ്മാണ ക്ഷേമനിധി ബോർഡും ആരോഗ്യ- വിദ്യാഭ്യാസ മേഖലകളും തകർന്ന് തരിപ്പണമായി. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ഡല്‍ഹിയില്‍ പോയി സമരം ചെയ്താല്‍ അതിന്റെ പിന്നാലെ പോകാൻ വേറെ ആളെ നേക്കണം. അതിന് പ്രതിപക്ഷമുണ്ടാകില്ല. നവകേരള സദസ് വന്നപ്പോള്‍ തന്നെ കേരളത്തെ മുടിപ്പിച്ചത് ഈ സർക്കാരാണെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. അതിനുള്ള ഉത്തരം അവർ പറയട്ടേ.

ധനകാര്യ കമ്മീഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ചുള്ള നിവേദനം യു.ഡി.എഫ് എംപിമാർ കേന്ദ്ര ധനകാര്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കണക്ക് നല്‍കിയിട്ടും കേന്ദ്ര സർക്കാർ പണം അനുവദിക്കാത്തത് സംബന്ധിച്ച്‌ ധവളപത്രം ഇറക്കാൻ സർക്കാർ തയാറുണ്ടോ. അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ പ്രതിപക്ഷവും യു.ഡി.എഫ് എംപിമാരും സർക്കാരിനൊപ്പം നില്‍ക്കും. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ സർക്കാരിന് അവ്യക്തതയാണ്.

നീതി ആയോഗ് സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതില്‍ പ്രധാനമന്ത്രി ഇടപെടാൻ പാടില്ല. 2011 ലെ സെൻസസ് അടിസ്ഥാനത്തിലാണ് കേരളത്തിനുള്ള വിഹിതം കുറച്ചത്. ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അതിന്റെ പേരില്‍ വിഹിതം കുറയാൻ പാടില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യം നിവേദനമായി യു.ഡി.എഫ് എംപിമാർ കേന്ദ്ര ധനകാര്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ധനകാര്യ കമ്മീഷൻ അധ്യക്ഷനെയും എംപിമാർ കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *