തിരുവനന്തപുരം: സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറൽ തത്വങ്ങൾ വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്‌ഥിതിയാണ് നിലവിലുള്ളതെന്ന് സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശിൽപ്പികൾ വിഭാവനം ചെയ്തത്. എന്നാൽ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്നു.
ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഈ പ്രതിജ്ഞ പുതുക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് സന്ദേശത്തിലൂടെ മുഖ്യമന്ത്രി പറഞ്ഞു.