കോഴിക്കോട്: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ കുറഞ്ഞ സമയത്തിനുള്ളിൽ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പ്രതികൾക്ക് പുറത്തേക്ക് രക്ഷപെടാൻ പറ്റാത്ത സാഹചര്യം പൊലീസ് ഒരുക്കിയെന്നും പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ് പ്രതികളിലേക്ക് എത്താൻ കാരണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
“കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക നടപടി സ്വീകരിച്ചു കഴിഞ്ഞു. പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ് പ്രതികളിലേക്ക് എത്താൻ കാരണം. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ആദ്യ മണിക്കൂറുകളിൽ പ്രതികളെ പിടികൂടാൻ സാധിച്ചെന്ന് വരില്ല. കൃത്യമായ തെളിവുകൾ ലഭിക്കണം കൊല്ലത്തെ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത് കൃത്യമായ രാഷ്ട്രീയ മുതലെടുപ്പ് എന്ന് തന്നെ വേണം കരുതാൻ.
എകെജി സെന്ററിന് നേരെ ആക്രമണം നടപ്പോൾ ആദ്യ ഘട്ടത്തിൽ പ്രതിയെ ലഭിച്ചില്ല അപ്പോൾ പോലീസിനെ വിമർശിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടികൂടിയപ്പോൾ വിമർശിച്ചവർ നിശബ്ദരായി. മയക്കുമരുന്ന് ചോക്ലറ്റ് നൽകി പ്രതിയെകൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന വിചിത്ര വാദവുമായി ഒരു നേതാവും വന്നു
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും ആദ്യ ഘട്ടത്തിൽ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. നരബലി കേസിലും, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലും പോലീസ് കൃത്യമായി ഇടപെട്ടു. പൊലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണത കാണുന്നുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ മുൻ വിധിയോടെയുള്ള കുറ്റപ്പെടുത്തൽ ശരിയല്ല. കേരള പൊലീസ് രാജ്യത്ത് തന്നെ മുൻനിരയിൽ ആണ് നിൽക്കുന്നത്.