പാണ്ഡവ ബന്ധമുള്ള പെരുവയിലെ ആനക്കുളം (അർത്ഥക്കുളം) പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നു

Kerala Local News

പെരുവ : പാണ്ഡവ ബന്ധമുള്ള പെരുവയിലെ ആനക്കുളം (അർത്ഥക്കുളം) പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുന്നു. പെരുവ നരസിംഹസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട മൂന്നു കുളങ്ങളിൽ ഒന്നാണ് അർത്ഥക്കുളം. പഞ്ചപാണ്ഡവരുമായി ബന്ധമുള്ള കുളമാണ് ഇത്.ക്ഷേത്ര പരിസരത്ത് പാണ്ഡവർ വനവാസത്തിനെത്തിയിരുന്നു എന്നൊരു ഐതിഹ്യമുണ്ട്. ഈ കുളം പെരുവയിലെ കർഷകരുടെ ജലസ്രോതസ്സാണ്. ഈ പുരാതന കുളം ഒരിയ്ക്കലും വറ്റാത്തതായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ചെളി നിറഞ്ഞ ഈ കുളം ഇപ്പോൾ വേനൽക്കാലത്ത് വറ്റും.
ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിന് സമീപം പഞ്ചായത്ത് റോഡരുകിൽ സ്ഥിതിചെയ്യുന്ന ഈ കുളം ഇപ്പോൾ പ്ലാസ്റ്റിക് കുപ്പികളും ചപ്പുചവറുകളും നിറഞ്ഞ് മാലിന്യകുളമായി മാറിയിരിക്കുകയാണ്.
പൗരാണികവും ചരിത്രപ്രസിദ്ധവുമായ ഈ കുളം പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചരിത്രബന്ധമുള്ള ആനക്കുളം സംരക്ഷിക്കണം. ഹിന്ദു ഐക്യവേദി.
പെരുവ നരസിംഹ സ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ആനക്കുളം എന്നറിയപ്പെടുന്ന അർത്ഥക്കുളം സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി. മഴക്കാലത്ത് ഈ കുളത്തിലെ മലിനജലം പരിസരങ്ങളിലെ പറമ്പുകളിലേക്കും കിണറുകളിലേക്കുമാണ് ഒഴുകിയെത്തുന്നത്. അതുമൂലം പലവിധ രോഗങ്ങളും വരാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് മാലിന്യമുക്ത കേരളത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾ നടക്കുന്ന ഈ സമയത്ത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞ ഈ കുളം വൃത്തിയായി സംരക്ഷിക്കാൻ ഒരു ശ്വാശ്വതമായ പരിഹാരം മുളക്കുളം പഞ്ചായത്ത് അധികൃതർ നടപ്പിലാക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സുനേഷ് കാട്ടാംപാക്ക് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *