അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയോടും കുഞ്ഞിനോടും അൽപം പോലും കരുണ കാണിക്കാതെ സുരേഷ് ഗോപി. സഹായം ചോദിച്ച അമ്മയോട് ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ ആയിരുന്നു പരിഹാസ രൂപേണ സുരേഷ് ഗോപിയുടെ മറുപടി. ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് പന്തലിലായിരുന്നു സംഭവം.
കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവാണ് മകൻ അശ്വിൻ്റെ ചികിത്സക്കായി സുരേഷ് ഗോപിയോട് സഹായം അഭ്യർഥിച്ചത്. രണ്ടുവയസോളം പ്രായമുള്ള മകനെയും കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയതായിരുന്നു സിന്ധു. ഇതിനിടെ സുരേഷ് ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ കുഞ്ഞിനെയും കൊണ്ട് അടുത്തെത്തി സഹായം ചോദിക്കുകയായിരുന്നു. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു ദേഷ്യവും പരിഹാസവും നിറഞ്ഞ സുരേഷ് ഗോപിയുടെ മറുപടി.