പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്. മുൻപെങ്ങും നേരിടാത്ത പോലെയുള്ള വ്യക്തിഹത്യയും വ്യാജ ആരോപണങ്ങളും പ്രചാരണ രംഗത്ത് നേരിടേണ്ടിവന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചത് കൃത്യമായ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ്. കള്ളപ്പണക്കാരനെന്ന പട്ടം പോലും ഒരു ഘട്ടത്തിൽ ചാർത്തിതന്നു. അപ്പോഴും ഈ ജനത അവരുടെ മനസ്സിലാണ് എനിക്ക് സ്ഥാനം നൽകിയത്. വളരെ മികച്ച വിജയമാണ് പാലക്കാട്ടെ ജനത സമ്മാനിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സംഘടനാ സംവിധാനം ഉജ്ജ്വലമായി മണ്ഡലത്തിൽ പ്രവർത്തിച്ചു. ഒറ്റക്കെട്ടായി പ്രവർത്തകർ തെരഞ്ഞെടുപ്പിനെ വരവേറ്റു. ആവേശകരമായ പിന്തുണയാണ് പ്രചാരണത്തിൽ ഉടനീളം സ്ഥാനാർത്ഥി എന്ന നിലയിൽ ലഭിച്ചത്. പാലക്കാടുമായുള്ള ബന്ധം കാലങ്ങളായി കാത്തുസൂക്ഷിക്കുന്നതായിരുന്നു. ബിജെപിയും സിപിഎമ്മും ഒരുപോലെ നടത്തിയ പ്രചാരണം താൻ ഷാഫി പറമ്പിലിന്റെ നോമിനി ആയിരുന്നു എന്നതായിരുന്നു. ആ പ്രചാരണം വിജയത്തിന്റെ ആക്കംകൂട്ടി എന്നുതന്നെ പറയാം. താൻ ഷാഫി പറമ്പിലിന്റെ മാത്രം നോമിനയല്ല. വി കെ ശ്രീകണ്ഠന്റെയും നോമിനി തന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും നോമിനയാണ്. കോൺഗ്രസിന്റെ ഒരു സാധാ പ്രവർത്തകനാണ് താൻ. ചെറുപ്പം മുതൽക്കേ പാർട്ടിയെ ജീവന്റെ ജീവനായി കണ്ട ഒരാൾ. പ്രസ്ഥാനം തന്ന എല്ലാ അവസരങ്ങളെയും പരമാവധി ആത്മാർത്ഥതയോടെ സമീപിച്ചിട്ടുണ്ട്. ഒരു സാധാരണ പ്രവർത്തകനായ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് സ്ഥാനാർത്ഥിത്വവും ലഭിച്ച വിജയവും. പാലക്കാട് എന്നിൽ കണ്ട വിശ്വാസത്തിന് തിരികെ ആത്മാർത്ഥമായി നിലകൊള്ളുന്ന തന്നെ ചെയ്യും. പാലക്കാട്ടെ ജനങ്ങളുടെ ഉറച്ച ശബ്ദമായി എന്നും ഇവിടെ ഉണ്ടാകും. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനകീയ ഇടപെടലുകളുമായി പാലക്കാട്ടു തന്നെയുണ്ടാവും. വർഗീയതയ്ക്കും വിദ്വേഷത്തിനും ഈ ജനതയെ നടക്കുവാൻ കഴിയില്ലെന്ന ബോധ്യമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. മതേതരത്വത്തിനും ജനാധിപത്യത്തിനും മുൻപ് മണ്ഡലത്തെ നയിച്ച ഷാഫി പറമ്പിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഈ മിന്നും വിജയം. മുഴുവൻ വോട്ടർമാരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് രാഷ്ട്രീയ വിജയം; വോട്ടർമാർക്ക് നന്ദി: രാഹുൽ മാങ്കൂട്ടത്തിൽ
