ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ചൈനീസ് ഇന്‍സ്റ്റാളേഷനുകള്‍ക്കെതിരായ ആക്രമണങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും ഉത്തരവാദിയെന്ന് കരുതുന്ന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഭീകരന്‍ മുഹമ്മദ് താരിഖ് റഫീഖ് കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലെ പൈച്ച് ദാരയ്ക്ക് സമീപമാണ് ബട്ടണ്‍ ഖരാബ് എന്നറിയപ്പെടുന്ന റഫീഖ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ഇയാളെ നേരിട്ടതെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.
ഇന്നലെ മുതല്‍ റഫീഖുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു,’ ഒരു മുതിര്‍ന്ന തെഹ്രിക്-ഇ-താലിബാന്‍ കമാന്‍ഡര്‍ (ടിടിപി) ചൊവ്വാഴ്ച സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ നടത്തുന്ന വാര്‍ത്താ വെബ്സൈറ്റായ ഖൊറാസന്‍ ഡയറിയോട് പറഞ്ഞു.
”മൃതദേഹം കണ്ടാല്‍ മാത്രമേ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് താരിഖിന്റെ അടുത്ത സഹായിയായി കരുതപ്പെടുന്ന മറ്റൊരു ടിടിപി കമാന്‍ഡര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതേ വിവരം പിന്നീട് ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ദി ഖൊറാസാന്‍ ഡയറി റിപ്പോര്‍ട്ട് ചെയ്തു. വെടിയേറ്റ മുറിവുകളോടെയുള്ള താരിഖ് ബട്ടണ്‍ ഖരാബിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞ് ഔട്ട്ലെറ്റ് മരണം സ്ഥിരീകരിച്ചു.
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലെ ടിടിപി അംഗമായ താരിഖ്, 2021 ജൂലൈ 14 ന് വടക്കന്‍ പാകിസ്ഥാനില്‍ ഒമ്പത് ചൈനീസ് തൊഴിലാളികളെ കൊലപ്പെടുത്തിയ ചാവേര്‍ ബോംബാക്രമണത്തിന് പിന്നിലെ പ്രധാന തലവനാണ്. ഈ ചൈനീസ് തൊഴിലാളികള്‍ കൊഹിസ്ഥാനിലെ ദാസു ഡാമിലെ ഒരു ജലവൈദ്യുത പദ്ധതിക്ക് നേതൃത്വം നല്‍കിയിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുമായി സഹകരിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിനും ആസൂത്രണം ചെയ്തതിനും ഇയാള്‍ ഉത്തരവാദിയായിരുന്നു. പ്രത്യേകിച്ച് 2022 ഏപ്രില്‍ 26 ന് കറാച്ചിയിലെ ചൈനീസ് ഭാഷാ കേന്ദ്രത്തെ ലക്ഷ്യമിട്ട് സ്ത്രീ ചാവേര്‍ ബോംബാക്രമണം നടത്തിയതിലും ഇയാള്‍ മുഖ്യസൂത്രധാരനാണ്.
സമീപ വര്‍ഷങ്ങളില്‍ പാക്കിസ്ഥാനിലെ ചൈനീസ് പ്രവര്‍ത്തനങ്ങള്‍ വിഘടനവാദികളില്‍ നിന്നും മറ്റ് തീവ്രവാദികളില്‍ നിന്നും നിരവധി മാരകമായ ആക്രമണങ്ങള്‍ ഉള്‍പ്പെടെ വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി) കീഴില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പാക്കിസ്ഥാനിലേക്ക് അയച്ച ചൈനീസ് തൊഴിലാളികള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ബെയ്ജിംഗ് 65 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്.