തിരുവനന്തപുരം: വിവാദ പരാമർശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസുകൊടുക്കുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ അമ്മയെയാണ് രാഹുൽ പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ വന്നതോടെ ചില സംസ്കാരം തുടങ്ങി. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുൽ ജയിലിൽ കിടന്നതെന്നും അതിന് പിന്നിലെ കഥകൾ എന്താണെന്നും തനിക്കറിയാമെന്നും തന്നെക്കൊണ്ട് തോണ്ടി തോണ്ടി ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു.
എത്രയോപേർ പാർട്ടി വിട്ട് പോയിട്ടും ഇത്രയേറെ കോൺഗ്രെസ്സുകാർക്ക് കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. തന്റെ പിതാവിനെയും കോൺഗ്രസുകാർ ചീത്ത പറഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് ഒരാളും പാർട്ടി വിട്ട് പോയപ്പോൾ ഇങ്ങനെ ചെയ്തിട്ടില്ല. ഏത് പാർട്ടിക്കും ശക്തനായ നേതാവ് വേണം, എന്നാൽ കോൺഗ്രസിന് അതില്ല. തനിക്ക് സ്വന്തം മണ്ഡലത്തിൽ പ്രവർത്തിക്കാൻ പോലും കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി. തന്റെ തോൽവിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. കെപിസിസിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. തന്നെ തൃശ്ശൂരിൽ നിന്ന് ഓടിക്കണം എന്ന് ചിലർ തീരുമാനിച്ചു. അളമുട്ടിയാൽ ചേരയും കടിക്കും.