ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി ജയചന്ദ്രൻ (80) വിട വാങ്ങി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്രഗാന ശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമൊക്കെ ഭാവപൂർണതയോടെ പ്രേക്ഷകരുടെ മനസിൽ പതിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി
