രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു

Breaking Kerala National

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു. ഇന്ത്യന്‍ പീനല്‍കോഡിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവില്‍ വന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പിന്നീട് ഡിസംബര്‍ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി.

പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം. ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പൊലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് പുതിയ നിയമത്തില്‍ പറയുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് പുതിയ നിയമത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോപേര്‍ ഒരു ഗ്രൂപ്പായി ചേര്‍ന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ദേഹോദ്രവം ഏല്‍പ്പിച്ചാല്‍ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വര്‍ഷം വീതം തടവും പിഴയും ലഭിക്കും.

അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാള്‍ മരിക്കാന്‍ കാരണക്കാരന്‍ ആവുകയും അപകട വിവരം പൊലീസിലോ മജിസ്ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താല്‍ 10 വര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കും. അതേസമയം ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയില്‍ 150 ആം വകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയും 83 കുറ്റങ്ങള്‍ക്ക് പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 23 കുറ്റങ്ങള്‍ക്ക് നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *