ഒഡിഷയിലെ കൊരാപുട്ട് ജില്ലയില്‍ ഞായറാഴ്ച ബസ് മറിഞ്ഞ് മൂന്ന് തീര്‍ത്ഥാടകര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അമ്പത് പേരുമായി യാത്ര ചെയ്ത ബസ് ഗുപ്‌തേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അപകടം. ദപരിഗാട്ടിയിലെ കുന്നില്‍പ്രദേശത്തെ കൊടും വളവ് തിരിയുന്നതിനിടയില്‍ ബസിന് നിയന്ത്രണം വിടുകയായിരുന്നു.പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഗ്രാമവാസികളുടെ സഹായത്തോടെ പൊലീസും മറ്റ് അധികൃതരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരുക്കേറ്റവരെ അപകടനടന്നതിന് സമീപമുള്ള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.