തിരുവനന്തപുരം. ബുധനാഴ്ച രാത്രി പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ അയിലം പാലത്തിൽ കയറിയ പോത്തൻകോട് സ്വദേശിയായ 23 കാരനെ പോലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി. എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാം കരയേണ്ട എന്നും പറഞ്ഞ് ആശ്വസിപ്പിച്ച് ആറ്റിങ്ങൽ എസ്ഐ ജിഷ്ണുവും എഎസ്ഐ മുരളീധരൻപിള്ളയും യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. പ്രണയം തകർന്നതിന്റെ നിരാശ മൂലമാണ് ഇയാൾ പാലത്തിൽ നിന്ന് വാമനപുരം നദിയിലേക്ക് ചാടാൻ ശ്രമിച്ചത് .പ്രദേശവാസികൾ ആറ്റിങ്ങൽ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ്ഐ ജിഷ്ണു കെ എസ് ഐ മുരളീധരൻ പിള്ള എന്നിവർ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. പോലീസ് വന്നപ്പോൾ പുഴയിലേക്ക് ചാടാൻ ആയി തൂണിൽ പിടിച്ചു നിൽക്കുന്ന യുവാവിനെയാണ് കണ്ടത് .ആദ്യം സംസാരിച്ചു നോക്കിയിട്ട് വഴങ്ങിയില്ല. ചുറ്റുമുണ്ടായിരുന്ന ആളുകളെയൊക്കെ പോലീസ് മാറ്റി. വീണ്ടും ക്ഷമയോടെ പോലീസുകാർ സംസാരിച്ചപ്പോൾ യുവാവ് പതുക്കെ വഴങ്ങുകയായിരുന്നു. ഒടുവിൽ വീട്ടുകാരെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു.
