തിരുവല്ല: തിരുവല്ലയിലെ വിവാദ സിപിഎം നേതാവ് സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇടപെട്ടെന്ന് ആരോപണം. സജിമോൻ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തുവന്നത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി. ഇടപെട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെത്തിച്ചതെന്നും സഹോദരൻ പറഞ്ഞു.
സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ കൊണ്ട് പാർട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം. തുടർച്ചയായി ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും ഉൾപ്പെട്ട് പാർട്ടിക്ക് ആകെ നാണക്കേട് ആയപ്പോഴാണ് സി.സി. സജിമോനെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചർച്ച ചെയ്തു പുറത്താക്കിയത്.