പാലക്കാട് കെഎസ്‌യുവിൽ വിഭാഗീയത ശക്തം; കൂടുതൽ നേതാക്കളുടെ രാജിഭീഷണി

Kerala

പാലക്കാട്‌: പാലക്കാട് ജില്ലയിലെ കെഎസ്‌യുവിൽ വിഭാഗീയത രൂക്ഷം. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഒരാളെ ഭാരവാഹി ആക്കിയതിലുള്ള പ്രതിഷേധമാണ് ജില്ലയിലെ കെഎസ്‌യുവിനെ പൊട്ടിത്തെറിയിലേക്ക് എത്തിച്ചത്. കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ അടക്കം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട ആൾക്കെതിരെ നിരവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നു. ഈ പരാതികൾ മുഖവിലയ്ക്കെടുക്കാതെ പ്രഖ്യാപനം നടത്തിയതിലുള്ള അമർഷം തുറന്നുകാട്ടിയായിരുന്നു ജില്ല പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ കൂടുതൽ യൂണിറ്റ് കമ്മിറ്റികൾ രാജി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രധാനപ്പെട്ട ക്യാമ്പസുകളിൽ കെ എസ് യു വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. സംസ്ഥാനത്ത് തന്നെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജില്ലാ കമ്മിറ്റി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ അറിയിക്കാതെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ ഒരാളെ ഭാരവാഹിയായി നിയമിച്ചത്. വരുംദിവസങ്ങളിലും ജില്ലയിലെ കെഎസ്‌യുവിലെ വിഭാഗീയത കൂടുതൽ വർദ്ധിക്കുവാനാണ് സാധ്യത. വിഷയത്തിൽ ഇതുവരെയും കോൺഗ്രസ് നേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *