മാർക്കോയ്ക്ക് തിരിച്ചടി; ടെലിവിഷൻ പ്രദർശനത്തിന് അനുമതി നിഷേധിച്ച് സിബിഎഫ്സി

Kerala Uncategorized

കൊച്ചി :തിയെറ്ററുകളിൽ വിജയം കൊയ്ത ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്ക് ടെലിവിഷൻ പ്രദർശനത്തിന് അനുമതിയില്ല. സെൻട്രൽ ബോർ‌ഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (CBFC) അനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിക്കുകയും റീജ്യനൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കുകയുമായിരുന്നു.

U അല്ലെങ്കിൽ U/A കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിലുണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റിയ ശേഷം ആവശ്യമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

നിലവിൽ 2024ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച വിജയം കൈവരിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിലെത്തിയ മാർക്കോ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രങ്ങളിലൊന്ന് എന്ന വിശേഷണവും മാർക്കോ സ്വന്തമാക്കിയിരുന്നു. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ചിത്രം ശ്രദ്ധ നേടി.

അടുത്തിടെ സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾ അടക്കം ഉൾപ്പെട്ട അക്രമ സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർക്കോ പോലെയുള്ള വയലൻസ് ചിത്രങ്ങൾക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വയലൻസിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന ആരോപണം.ഇതിനെ എതിർത്തും അനുകൂലിച്ചും സിനിമ മേഖലയിൽ നിന്നടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മാർക്കോയ്ക്ക് ടെലിവിഷൻ പ്രദർശനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *