കൊച്ചി : സർക്കാർ അവധി ദിവസങ്ങൾ എല്ലാം തന്നെ പ്രവർത്തി ദിവസമായ ഭാഗ്യക്കുറി വകുപ്പ് ഓഫീസുകൾ ഞായറാഴ്ചയും തുറക്കാൻ ഉത്തരവ് . സാമ്പത്തിക വർഷത്തെ കണക്കെടുപ്പ് പ്രമാണിച്ച് മാർച്ച് 29-ാം തീയതി പകൽ 12 ന് ടിക്കറ്റ് വിൽപ്പന അവസാനിപ്പിക്കാൻ തീരുമാനിച്ച ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് , നിലനിൽക്കെ എത്തിയ ഡയറക്ടറുടെ പുതിയ ഉത്തരവ് ജീവനക്കാരെ ആശങ്കയിലാക്കി.
മാർച്ച് 25 -ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയോടെ ശനിയാഴ്ച വില്പന അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് എത്തിയത്. തുടർന്ന് 26-ാം തീയതി വൈകിട്ട് 5 മണിയോടെ ഡയറക്ടർ നേരിട്ട് ഇറക്കിയ ഉത്തരവാണ് ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്.
ആദ്യ ഉത്തരവ് പ്രകാരം ശനിയാഴ്ച 12 മണിക്ക് വിൽപ്പന അവസാനിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള നോട്ടീസുകൾ പരസ്യപ്പെടുത്തി നോട്ടീസ് ബോർഡിൽ പതിച്ച ശേഷം എത്തിയ പുതിയ ഉത്തരവ് ഉദ്യോഗസ്ഥരിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിലാണ് പുതിയ ഉത്തരവ് എന്നാണ് ജീവനക്കാരുടെ ആക്ഷേപം.
ഭാഗ്യക്കുറി വകുപ്പിൽ പൊതു അവധി ദിവസങ്ങൾ പ്രവർത്തി ദിവസമാണ് , പൊതു അവധി ദിവസം ജോലി ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും മാർച്ച് 31-ാം തീയതി തിങ്കളാഴ്ച ജോലി ചെയ്യുവാൻ മടിയില്ലെന്നും ജീവനക്കാർ പറയുന്നു.
ലോട്ടറി വൻകിട വിൽപ്പനക്കാർ തീരുമാനിക്കും പ്രകാരമാണ് ഭാഗ്യക്കുറി വകുപ്പ് പ്രവർത്തനം നടക്കുന്നതെന്നും ഭരണം കയ്യാളുന്നത് കൊണ്ട് തന്നെ യൂണിയൻ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നില്ലെന്നും ജീവനക്കാർ പറയുന്നു.