കൊച്ചി: ഇലക്ട്രിക്ക് വാഹന ഉടമകളുടെ ചാർജ്ജിഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ട് കേരളമുടനീളം 100 ഫാസ്റ്റ് ചാർജ്ജിഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് കേരള (ഇവോക്). കഴിഞ്ഞ വർഷം 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സംസ്ഥാനത്തുടനീളം ഇവോക് സ്ഥാപിച്ചിരുന്നു. എനർജി ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര കേരള സ്റ്റാർട്ട്അപ്പായ ചാർജ്മോഡുമായി സഹകരിച്ചാണ് പദ്ധതി.
ഇവോക്കിന്റെ എറണാകുളത്ത് നടന്ന പൊതുയോഗത്തിൽ സംഘടനയുടെ പ്രസിഡൻറായി അഞ്ചൽ റെജി മോൻ, സെക്രട്ടറിയായി പി.എസ്സ്. മുത്തയ്യൻ, ട്രഷറർ ആയി വിശ്വനാഥൻ രക്ഷാധികാരിയായി ഡോ. രാജസേനൻ നായർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഇവോക് അംഗങ്ങളായ വാഹന ഉടമകൾക്ക് ചാർജ്ജിഗ് റേറ്റിൽ സബ്സിഡി നൽകുവാനും ഇലക്ട്രിക്ക് വാഹന ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുവാൻ യോഗത്തിൽ തീരുമാനമായി.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രശ്നരഹിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദേങ്ങളും സംസ്ഥാനമോട്ടാകെ നൽകി വരുന്ന കേരളത്തിലെ ഇലക്ട്രിക്ക് വാഹന ഉടമകളുടെ കൂട്ടായ്മയാണ് ഇവോക്(EVOK). രാജ്യത്തെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനും പ്രചരിപ്പിക്കുന്നതിനുമുള്ള വിവിധ ഏജൻസികളുടെ ഉദ്യമങ്ങളെ പിന്തുണക്കുകയും സഹായിക്കുകയുമാണ് ഇവോക്കിന്റെ മുഖ്യ ലക്ഷ്യം.