വൈക്കം: ഐതിഹാസിക സമരപോരാട്ടങ്ങളുടെ രണഭൂമിയായ വൈക്കത്തെ ചെങ്കടലാക്കി സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി. നഗരം അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പണിഞ്ഞ കാഴ്ചയാണ് ഇന്നലെ സായാഹ്നം സാക്ഷിയായത്. ചുവന്ന വാകമരം പൂത്തിറങ്ങിയ പോലെ ആയിരക്കണക്കിന് ചെങ്കുപ്പായക്കാര്‍ നഗരവീഥിയിലൂടെ മാര്‍ച്ച് ചെയ്തു.ജില്ലയിലെ 11 മണ്ഡലം കമ്മിറ്റികളുടെ ബാനറുകള്‍ക്ക് പിന്നില്‍ യുവതയുടെ ശക്തി തെളിയിച്ച മാര്‍ച്ചാണ് സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്നത്. ഉച്ചയോടെ വിവിധ പ്രദേശ ങ്ങളില്‍ നിന്ന് വോളണ്ടിയര്‍മാര്‍ എത്തി വൈക്കം വലിയകവയില്‍ കേന്ദ്രീകരിച്ചു. തുടര്‍ന്ന് ഓരോ മണ്ഡലം അടിസ്ഥാനത്തില്‍ അണിനിരന്നു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഫ്‌ലാഗ് ഓഫ് ചെയ്തതോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. വൈക്കം ബോട്ട്‌ജെട്ടി മൈതാനിയിലെ പൊതു സമ്മേളന വേദിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സല്യൂട്ട് സ്വീകരിച്ചു. ആദ്യം വൈക്കം മണ്ഡലവും അവസാനം പൂഞ്ഞാർ മണ്ഡലവുമാണ് അണിനിരന്നത്.
