കരൾ “ഡീറ്റോക്സ്” അശാസ്ത്രീയം: കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ

Kerala

കൊച്ചി: വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കാം എന്നുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇത് അശാസ്ത്രീയമാണെന്നും കരൾ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികൾ തേടേണ്ടതില്ലെന്നും കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ‌ ദി സ്റ്റഡി ഓഫ് ലിവറിന്റെ 32-മത് ശാസ്ത്രമേളയോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യകൺവെൻഷനിൽ കരൾ ഡീറ്റോക്സ്: വസ്തുതയും മിഥ്യയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസ്സിലെ വിഷാംശം ശുദ്ധീകരിക്കുക എന്ന പഴയകാല വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ഡീറ്റോക്സ് എന്ന പദത്തെ ആധുനികകാലത്ത് പലരും ഉപയോഗിക്കുന്നതെന്നും എന്നാൽ ശരീരത്തെ കുറുക്കുവഴികളിലൂടെ ശുദ്ധീകരിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം ശുദ്ധീകരിക്കാൻ കരളിന് സാധിക്കും.

സോഷ്യൽമീഡിയയിലൂടെ ആധികാരികമായി സംസാരിക്കുന്ന പലരും ആരോഗ്യരംഗത്ത് മതിയായ പരിജ്ഞാനമില്ലാത്തവരാണെന്നും അവരുടെ വാചക കസർത്തിൽ സാധാരണക്കാർ വീണുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ കരൾ ഒരു കെമിസ്ട്രി ലാബ് പോലെയാണ് പ്രവർത്തിക്കുന്നത്. വയറിലേക്കെത്തുന്ന വസ്തുക്കളിൽ നല്ലതും ചീത്തയും തരം തിരിച്ച് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയ ജോലി ചെയ്യുന്നത് കരളാണ്. എന്നാൽ, മദ്യപാനം കൊണ്ടും തെറ്റായ ജീവിതശൈലി കൊണ്ടും ഫാറ്റി ലിവ‌ർ എന്ന രോഗാവസ്ഥ സാധാരണമാവുകയാണെന്നും കൺവെൻഷനിൽ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ആരംഭഘട്ടത്തിൽ കരൾരോഗത്തിന് ലക്ഷണങ്ങൾ കാണിക്കാറില്ല. മദ്യപാനം ഉപേക്ഷിക്കുക, ഭാരം നിയന്ത്രിക്കുക, മധുരം നിയന്ത്രിക്കുക, വ്യായാമം ശീലമാക്കുക, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയിലൂടെ തന്നെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനാകുമെന്നും കൊച്ചി ലേ മെറിഡിയനിലെ സി.എസ്.എം ഹാളിൽ നടന്ന കൺവെൻഷനിൽ കരൾരോഗ വിദഗ്ദ്ധർ പല സെഷനുകളിലൂടെ ചൂണ്ടിക്കാട്ടി.

ഐ.എസ്. ജി പ്രസിഡന്റ് ഡോ. മാത്യു ഫിലിപ്പ്, ആസ്റ്റർ മെഡ്സിറ്റി സീനിയർ കൺസൾട്ടന്റും ഐഎൻഎഎസ്എൽ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ.ചാൾസ് പനക്കൽ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റും ഐഎൻഎഎസ്എൽ ഓർഗനൈസിംഗ് ചെയർപേഴ്സണുമായ ഡോ.ജി.എൻ. രമേശ്, എറണാകുളം മെഡിക്കൽ സെന്റർ ഹെപ്പറ്റോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് ഡോ. ഹരികുമാർ ആർ നായർ, വിപിഎസ് ലേക് ഷോർ സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ആന്റണിപോൾ, രാജഗിരി ഹോസ്പിറ്റൽ ഹെപ്പറ്റോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് ഡോ. ജോൺ മേനാച്ചേരി, വിപിഎസ് ലേക് ഷോർ ചീഫ് ഡയറ്റീഷ്യൻ ഡോ.മഞ്ജു ജോർജ്ജ്, കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ തുടങ്ങിയ ആരോഗ്യ വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. രമേശ് കാഞ്ഞിലിമഠം, ഡയറക്ടർ, സെയ്ജൻ ഡിസൈൻ ഷെഫാലി സിംഗ്, ഫൗണ്ടർ ആൻഡ് ഡയറക്ടർ, വെൽകോൺ, വെൽനെസ്സ് കൺവെൻഷൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *