പീരുമേട്: പെരുവന്താനം പഞ്ചായത്ത് ബിഎംസിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ജൈവവൈധ്യ രജിസ്റ്റർ രണ്ടാം ഭാഗം, പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി എന്നിവയുടെ പ്രകാശനം നടന്നു. ജില്ലയിൽ പ്രസ്തുത പദ്ധതികൾ രണ്ടും പൂർത്തീകരിക്കുന്ന രണ്ടാമത്തെ ബിഎംസി ആണ് പെരുവന്താനം പഞ്ചായത്ത്. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ ആർ ബൈജു അധ്യക്ഷത വഹിച്ചു. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗത്തിന്റെ പ്രകാശനം, പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി രൂപരേഖയുടെ പ്രകാശനം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ നിർവഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ പരിസ്ഥിതി സംരക്ഷണം,സുസ്ഥിരവികസനം മുൻനിർത്തി കാലാവസ്ഥ വ്യതിയാനത്തെ അനുരൂപപ്പെടുത്തുന്നതിനുള്ള പദ്ധതി രേഖയാണ് പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി.പ്രദേശത്തെ ജൈവ വിഭവങ്ങളെ കുറിച്ച് അവിടുത്തെ ജനങ്ങൾക്കുള്ള അറിവുകളും നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള നിരന്തരം ഇടപെടലുകളിലൂടെ ആർജിച്ച നാട്ടറിവുകളും രേഖപ്പെടുത്തുക എന്നതാണ് ജനകീയ രജിസ്റ്ററിന്റെ ഉദ്ദേശം. ഏകദേശം 10 വർഷം മുൻപ് തയ്യാറാക്കിയ രജിസ്റ്ററിൽ വിട്ടുപോയ കാര്യങ്ങൾ പുതിയ വിവരങ്ങൾ ഇവ ചേർത്താണ് രണ്ട് ഭാഗം തയ്യാറാക്കിയിരിക്കുന്നത്. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പഞ്ചായത്ത് സെക്രട്ടറി ജി.ആർ സതീഷ് ചന്ദ്രൻ , പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി രൂപരേഖ കെ എസ് ബി ബി ജില്ലാ കോഡിനേറ്റർ വി.എസ് അശ്വതി എന്നിവർ ഏറ്റുവാങ്ങി ഭരണസമിതി അംഗങ്ങളായ ഗ്രേസി ജോസ്, എം .സി സുരേഷ്, ഷീബ ബിനോയ് എന്നിവർ പ്രസംഗിച്ചു. ബിഎംസി അംഗങ്ങൾ, കോളേജ് വിദ്യാർത്ഥികൾ പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ജനകീയ ജൈവവൈവിധ്യ രജിസ്റ്റർപ്രകാശനം ചെയ്തു
