ദില്ലി: ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ. തഹാവുർ റാണയ്ക്ക് മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലി അയച്ച ഇമെയിലുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി. ഭീകരാക്രമണ പദ്ധതി സൂചിപ്പിക്കുന്ന മെയിലുകളാണ് കോടതിയില്‍ ഹാജരാക്കിയത്. 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കും. തഹാവുർ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. ഇതിനുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. കൈമാറ്റ ഉടമ്പടിയിൽ വധശിക്ഷ പാടില്ലെന്ന് വ്യവസ്ഥയില്ലെന്നും ഉന്നതർ ചൂണ്ടിക്കാട്ടുന്നു.തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതോടെ മുംബൈ വലിയ ആശ്വാസത്തിലാണ്. 166 പേരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണത്തിലെ മുഴുവൻ ഗൂഢാലോചനയും ഇനി പുറത്തുകൊണ്ടുവരാൻ ആകും എന്നതാണ് പ്രതീക്ഷ. ഏറ്റുമുട്ടലിനെ ഓർമ്മകൾ മറക്കാൻ മഹാനഗരം ശ്രമിക്കുന്നുണ്ട് എങ്കിലും ഇടയ്ക്കിടെ പൊലീസിന് ലഭിക്കുന്ന അക്രമ ഭീഷണികളും വെടിവെപ്പും വലിയ വെല്ലുവിളികൾ തന്നെയാണ്. രാജ്യാന്തര ഭീകരന്‍ തഹാവുര്‍ റാണയുടെ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ കൊച്ചി നഗരത്തെ സംബന്ധിച്ചും സുപ്രധാനമാണ്. മുംബൈ ഭീകരാക്രമണത്തിന് മുമ്പ് രാജ്യത്തെ ഒരുപാട് പ്രധാന നഗരങ്ങളിലൂടെ യാത്ര ചെയ്ത റാണ കൊച്ചിയിലും എത്തിയിരുന്നു.
തഹാവുർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ
