നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു; കെ സുരേന്ദ്രൻ

Breaking Kerala Local News

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രക്തക്കറ കണ്ടെത്തിയ സംഭവം ഗൗരവതരമാണെന്ന് കെ സുരേന്ദ്രൻ പറ‍ഞ്ഞു. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്ത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്ഐആറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രക്തക്കറയെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് ഇതോടെ വ്യക്തമാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും.

സിബിഐ അന്വേഷണത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. നവീൻ ബാബുവിൻ്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *