കരളിനെ അറിയാം ; വിദഗ്ധ ഡോക്ടർമാരുമായി സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരം സൗജന്യം 

Kerala

കൊച്ചി: കരൾരോഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ദി ലിവർ (ഐ.എൻ.എ.എസ്.എൽ) പൊതുജനങ്ങൾക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന കൺവെൻഷൻ ഓഗസ്റ്റ് 7ന് കൊച്ചിയിൽ നടക്കും. രാവിലെ 9:30 മുതൽ 12:30 വരെ ലെ മെരിഡിയനിലെ സി.എസ്.എം ഹാളിലാണ് പരിപാടി. രാവിലെ 8:30 മുതൽ രജിസ്‌ട്രേഷനുള്ള സൗകര്യം വേദിക്കരികിൽ സജ്ജമായിരിക്കും. കരൾരോഗ ചികിത്സാവിദഗ്ധരുമായി സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും സാധാരണക്കാർക്കും അവസരമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 8111998185 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

കരളിന്റെ ആരോഗ്യത്തെകുറിച്ചുള്ള ആധികാരിക വിവരങ്ങൾ മനസ്സിലാക്കാനും തെറ്റിദ്ധാരണകൾ തിരിച്ചറിയാനും കൺവെൻഷൻ സഹായിക്കും. മദ്യപാനം മൂലമുണ്ടാകുന്ന കരൾരോഗങ്ങൾ, ഫാറ്റി ലിവർ, കരളിന്റെ ആരോഗ്യത്തിനാവശ്യമായ ജീവിതശൈലി, ലിവർ ഡീറ്റോക്സ് എന്നീ സുപ്രധാന വിഷയങ്ങൾ ചർച്ചയാകും. സൗജന്യമായി പങ്കെടുക്കാവുന്ന ഈ കൺവെൻഷനിൽ ഇതുവരെ ഇരുന്നൂറോളം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ്, കൊച്ചിൻ ലിവർ ക്ലബ്, കൊച്ചി ലിവർ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി എന്നിവർ സംയുക്തമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 7 ന് തുടങ്ങുന്ന ഐ.എൻ.എ.എസ്.എൽ ശാസ്ത്രസമ്മേളനം പത്താം തീയതി വരെ ലെ മെരിഡിയനിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *