ന്യൂഡൽഹി: ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്ഥിതിഗതികൾ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച ബംഗ്ലാദേശിൽ 135 പേരാണ് കൊല്ലപ്പെട്ടത്. പ്രകടനക്കാരും അവാമി ലീഗ് അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ 98 പേരോളം കൊല്ലപ്പെട്ടതായിട്ടായിരുന്നു ഒദ്യോഗിക സ്ഥിരീകരണം. സവർ, ധമ്രായ് മേഖലകളിൽ 18 പേരെങ്കിലും കൊല്ലപ്പെട്ടു. വിവിധ പരിക്കുകളോടെ 500 പേരെ ആശുപത്രിയിൽ എത്തിച്ചതായി ധാക്ക മെഡിക്കൽ കോളേജ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രോതോം അലോ റിപ്പോർട്ട് ചെയ്തു.