കൊച്ചി: ഫാറ്റി ലിവർ ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾ കുട്ടികളിലും വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടിയുമായി നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ദി ലിവർ. ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം മദ്യപിക്കാത്ത വ്യക്തികളിൽപ്പോലുംകണ്ടുവരുന്ന കരൾവീക്കം (NAFLD) കുട്ടികളിലും ഇപ്പോൾ കൂടുതൽ കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആസ്റ്റർ മെഡ്സിറ്റിയുമായി സഹകരിച്ച് സ്‌കൂളുകളിൽ സമഗ്രമായ ക്ലാസുകൾക്ക് തുടക്കമിട്ടത്. വരുംദിവസങ്ങളിൽ കൊച്ചിയിലെ വിവിധ സ്‌കൂളുകളിലും ക്ലാസുകൾ നയിക്കും.
പദ്ധതിയുടെ ഭാഗമായി ആലുവയിലെ മുപ്പത്തടയിലുള്ള സെന്റ്. ജോൺസ് വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലാണ് ആദ്യത്തെ ബോധവത്കരണ ക്ലാസ് നടത്തിയത്. “ശരീരത്തെയും മനസ്സിനെയും പോഷിപ്പിക്കാം” എന്നതായിരുന്നു വിഷയം. 400ഓളം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസിൽ പങ്കെടുത്തു.ഓഗസ്റ്റ് 7 മുതൽ 10 വരെ കൊച്ചി ലെ മെരിഡിയനിൽ നടക്കുന്ന ഐ. എൻ. എ. എസ്. എല്ലിന്റെ മുപ്പത്തിരണ്ടാമത് വാർഷിക ശാസ്ത്രസമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളിൽ ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശാസ്ത്രീയസമീപനമാണ് ക്ലാസിൽ ചർച്ചയായത്. കുട്ടികളിലെ അമിതവണ്ണം എങ്ങനെ പരിഹരിക്കാം, സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന സമയം എങ്ങനെ കുറയ്ക്കാം, ആരോഗ്യകരവും അനാരോഗ്യകരവുമായ ഭക്ഷണശീലങ്ങൾ എന്തൊക്കെയാണ്, വ്യായാമത്തിന്റെ പ്രയോജനങ്ങൾ എന്നിവയെക്കുറിച്ചാണ് വിദഗ്ധർ സംസാരിച്ചത്. കരൾരോഗങ്ങൾ എങ്ങനെ വരാതെനോക്കാമെന്ന് വളരെ ലളിതമായി ഡോക്ടർമാർ അവതരിപ്പിച്ചു.
ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. ഗീത മമ്മയിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ് ഡോ. പാർവതി, പീഡിയാട്രീഷൻ ഡോ. ഇർഷാദ്, ലിസി ഹോസ്പിറ്റലിലെ പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. രമ്യ പൈ, ആസ്റ്റർ മെഡ്സിറ്റിയിലെ ക്ലിനിക്കൽ ഡയറ്റീഷൻ റിന്റ എന്നിവരാണ് ക്‌ളാസുകളെടുത്തത്. സമീകൃതമായ ആഹാരരീതികളും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും സ്വായത്തമാക്കുന്നതിനൊപ്പം പ്രായോഗികമായി സ്ക്രീൻടൈം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളുമാണ് ഇവർ വിശദീകരിച്ചത്.
കുട്ടികൾക്കും കൗമാരക്കാർക്കും കൃത്യമായ മാർഗനിർദേശം നൽകി കരൾരോഗങ്ങൾക്കെതിരെ നേരത്തെ പ്രതിരോധം തുടങ്ങുന്നതിനുള്ള ഐ. എൻ. എ. എസ്. എല്ലിന്റെ വിശാലപദ്ധതിയുടെ ഭാഗമാണ് ഈ പരിപാടി.
പരിസ്ഥിതി ദിനാചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഡ്രോയിംഗ് മൽസരത്തിലും പ്രസംഗ മത്സരത്തിനും വിജയികളായവർക്ക് പരിപാടിയിൽവച്ച് ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജിസ്‌റ് ഡോ. ജി എൻ രമേശ് ഉപഹാരം നൽകി.