നന്മ പൂവിട്ട മംഗല്യം

Kerala Uncategorized

വിവാഹ സുദിനത്തിൽ നിർധന യുവതിയുടെ വിവാഹം കൂടി നടത്തിക്കൊടുത്ത് മാതൃക…

ഗുരുവായൂർ : എറണാകുളം വൈപ്പിൻ സ്വദേശികളായ മണിക്കുട്ടൻ – ശാരി ദമ്പതികളുടെ മകൾ ഡോ. ഐശ്വര്യയുടെ വിവാഹം 23/04/2025 ന് രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചു നടന്നു. ആലപ്പുഴ ചേർത്തല സ്വദേശിയും ലണ്ടനിലെ ഹോസ്പിറ്റലിൽ ഡെപ്യുട്ടി മാനേജരായി സേവനമനുഷ്ഠിക്കുന്ന ശംഭുവാണ് വരൻ. ഡോ.ഐശ്വര്യയുടെ താലികെട്ട് കഴിഞ്ഞയുടൻ എറണാകുളം ഫാക്റ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ മുരുകേഷിൻ്റേയും മഞ്ജുവിൻ്റേയും മകൾ മേഘയ്ക്ക് 5 പവൻ്റെ സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വാങ്ങുന്നതിന് ആവശ്യമായ തുകയായ 4,50,000/- രൂപ ഡോ. ഐശ്വര്യയും അമ്മ ശാരി ദേവരാജനും ചേർന്ന് കൈമാറി…

എം മേഘയും അമ്മ മഞ്ജുവും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി…

തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ ശങ്കർ.ജി കോങ്ങാട് സ്വാഗതം ആശംസിച്ചു. ദയ ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇ ബി രമേഷ് ദയ മംഗല്യ ദീപം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ദയയുടെ ട്രസ്റ്റിമാരായ ഷൈനി രമേഷ്, എം ജി ആന്റണി, ശശികുമാർ എസ് പിള്ള, അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ പി ഉണ്ണികൃഷ്ണൻ, കെ ആർ മുകുന്ദൻ,എൻ ദേവരാജ്, എം കുട്ടപ്പൻ, അബ്ദുൽസലാം, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. മേഘ എം നന്ദി രേഖപ്പെടുത്തി.

മേഘയുടെ വിവാഹം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആഗസ്ത് 17 ന് നടക്കും.

പാലക്കാട് ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ, ദയ മംഗല്യ ദീപം പദ്ധതിയിലൂടെ 21ാ മത് വിവാഹിതയായ മണ്ണൂർ സ്വദേശിനി അശ്വതിയുടെ വിവാഹത്തെക്കുറിച്ചുള്ള കുറിപ്പ് ഫെയ്സ് ബുക്കിൽ പങ്കുവെച്ചത് കണ്ടിട്ടാണ്, ഡോ. ഐശ്വര്യയുടെ മാതാവ് ശാരി ദേവരാജന് ഈ നന്മയുള്ള പ്രവർത്തനത്തിന് പ്രചോദനമായത്.. വിവാഹ പ്രായമായ തൻ്റെ പെൺകുട്ടിയെ വിവാഹം കഴിച്ചയയ്ക്കാൻ സമൂഹത്തിനു മുന്നിൽ കൈ നീട്ടേണ്ടി വരുന്ന നിർധനരും വിധവകളുമായ അമ്മമാരെ സഹായിക്കാനായി ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 2016 ൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയ മംഗല്യ ദീപം. 5 പവൻ്റെ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ദയ നൽകും. ഇതിനോടകം 21 യുവതികളുടെ വിവാഹം ഈ പദ്ധതിയിലൂടെ ദയ നടത്തിക്കൊടുത്തു.

രണ്ടാഴ്ച മുൻപ് സമൂഹ മാധ്യമത്തിൽ പ്രസിദ്ധപ്പെടുത്തിയ അശ്വതിയുടെ വിവാഹ വാർത്ത ഖത്തറിൽ വർക്ക് ചെയ്യുന്ന ശാരി ദേവരാജൻ എന്ന ഡോ.ഐശ്വര്യയുടെ അമ്മയുടെ ശ്രദ്ധയിൽ പെട്ടു. ഉടൻ ഒരു ഉൾവിളി പോലെ അവർ കമൻ്റ് ബോക്സിൽ എഴുതി ‘ഒരു പാവപ്പെട്ട കുട്ടിക്ക് 5 പവൻ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകാൻ ഞാൻ തയ്യാറാണ്. എൻ്റെ മകളുടെ വിവാഹം ഏപ്രിൽ 23 ന് ഗൂരുവായൂരിൽ വെച്ചാണ്. അർഹതയുള്ള കുട്ടിയുടെ ഡീറ്റെയ്ൽസ് തരാമെങ്കിൽ ഞാൻ നൽകാം.’എന്നുപറഞ്ഞ് ഫോൺ നമ്പറടക്കം കമൻ്റ് ചെയ്തു.

തൻ്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് തികച്ചും മാതൃകാപരവും അനുകരണീയവുമായൊരു വലിയ നന്മ ചെയ്യാൻ മുന്നോട്ടു വന്ന ശാരിയും കുടുംബവും അഭിനന്ദനം അർഹിക്കുന്നു. പിന്നീടെല്ലാം ഈശ്വര നിയോഗം പോലെ വന്നു ചേരുകയായിരുന്നു. പോസ്റ്റ് കണ്ട് എറണാകുളം എലൂർ സ്വദേശിനിയായ മേഘ ദയ ഭാരവാഹിയെ മെസ്സഞ്ചറിലൂടെ കോൺടാക്ട് ചെയ്യുകയായിരുന്നു.

മേഘയ്ക്ക് 3 വയസ്സുള്ളപ്പോൾ അച്ഛൻ മരണപ്പെട്ടു.ഒരു ജ്യേഷ്ഠനും അനിയത്തിയുമുണ്ട്. വീട്ടുജോലിക്കും പോയും കൂലിപ്പണിയെടുത്തും വളരെ കഷ്ടപ്പെട്ടാണ് അമ്മ മഞ്ജു ഇവരെ വളർത്തിയത്.സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞ 10 വർഷത്തോളമായി ഫാക്റ്റ് ആലുവയിലെ കരാർ വിഭാഗം ശുചീകരണ തൊഴിലാളിയാണ് അമ്മ മഞ്ജു.കഴിഞ്ഞ 5 വർഷത്തോളമായി മേഘയുടെ ഏട്ടനും അനിയത്തിയും വിഷാദ രോഗബാധിതരാണ്. കുടുംബത്തിൻ്റെ ദൈന്യത മനസ്സിലാക്കി ഫാക്റ്റ് അധികൃതർ താത്ക്കാലികമായി അനുവദിച്ച ക്വാട്ടേഴ്സിലാണ് താമസം. മേഘ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നുണ്ട്.നിരവധി വിവാഹാലോചനകൾ വന്നുവെങ്കിലും സഹോദരങ്ങളുടെ വിഷാദ രോഗവും സാമ്പത്തിക പരാധീനതകളും വിവാഹത്തിന് വിലങ്ങുതടിയായി. എല്ലാം മനസ്സിലാക്കിക്കൊണ്ട് കോട്ടയം പിറവം സ്വദേശിയായ അനൂപ് കഴിഞ്ഞ ആറുമാസം മുൻപ് തന്നെ മേഘയെ വിവാഹം കഴിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്…

ഫോൺ:

7012913583.

Leave a Reply

Your email address will not be published. Required fields are marked *