ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കും, പുതുച്ചേരിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമായി ശക്തി കുറയും.