റാവൽപിണ്ടി: റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. സ്വന്തം മണ്ണിൽ പാകിസ്താനെ പത്ത് വിക്കറ്റിനാണ് തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയും. സ്‌കോർ: പാകിസ്താൻ: 448-6 ഡിക്ലയർ, 146, ബംഗ്ലാദേശ്: 565,30-0. അവസാന ദിനത്തിൽ ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അനായാസം നേടി. എതിരാളികൾ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയാണിത്. അവസാന ദിനം ബാറ്റ് ചെയ്ത ആതിഥേയർക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി.
തുടക്കത്തിലെ ക്യാപ്റ്റൻ ഷാൻ മസൂദിന്റെ വിക്കറ്റ് വിക്കറ്റാണ് വീണത്. പിന്നീടെത്തിയ ബാബർ അസമും അബ്ദുള്ള ഷഫീഖും പിടിച്ചു നിന്നതോടെ പാകിസ്ഥാൻ സ്‌കോർ 50 കടന്നു. എന്നാൽ 50 പന്തിൽ 22 റൺസെടുത്ത ബാബറിനെ നാഹിദ് റാണ ബൗൾഡാക്കിയതോടെ ആതിഥേയർ കൂട്ടതകർച്ചയിലേക്ക് കൂപ്പുകുത്തി. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ അബ്ദുള്ള ഷഫീഖ് പൂജ്യത്തിന് മടങ്ങി. പിന്നാലെ ആഗ സൽമാനും റണ്ണൊന്നുമെടുക്കാതെ കൂടാരെ കയറിയതോടെ പാകിസ്താൻ 105-6 എന്ന സ്‌കോറിലേക്ക് വീണു. ലഞ്ചിന് പിന്നാലെ ഷഹീൻ അഫ്രീദിയെയും (2), നസീം ഷായെയും (3) നഷ്ടമായതോടെ 118- 8 ലേക്ക് കൂപ്പുകുത്തിയ പാകിസ്താൻ ഇന്നിംഗ്‌സ് തോൽവിയെന്ന നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന മുഹമ്മദ് റിസ്വാൻ രണ്ടാം ഇന്നിങ്‌സിലും ടോപ് സ്‌കോററായി. 51 റൺസുമായി റിസ്വാനും മടങ്ങിയതോടെ പോരാട്ടം അവസാനിച്ചു. മെഹ്ദി ഹസൻ നാലും ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിനായി മൂന്നും വിക്കറ്റ് വീഴ്ത്തി.