വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണം: കർഷക കോൺഗ്രസ്സ്

Uncategorized

കോതമംഗലം: എളിമയുടേയും, വിനയത്തിൻ്റെയും മൂർത്തിഭാവമായിരുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്ന വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടി അന്താരാഷിടെ തുറമുഖം എന്ന് പേര് നൽകണമെന്ന് കർഷക കോൺഗ്രസ് പല്ലാരിമംഗലം മേഖല കമ്മിറ്റി. പൈമറ്റം കവലയിൽ സംഘടിപ്പിച്ച ഒന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനത്തിലായിരുന്നു ഈ ആവശ്യം . കെ. കരുണാകരൻ്റെ നേതൃ ത്വ ത്തിലുണ്ടായിരുന്ന യു.ഡി.എഫ്. സർക്കാർ തുടക്കം കുറിച്ച് ഉമ്മൻചാണ്ടി സർക്കാർ ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും കേന്ദ്ര പരിസ്ഥിതി അനുമതിയും, ഹരിത ട്രൈബ്യൂണലിൻ്റെ അനുമതിയും, മറ്റ് സാങ്കേതിക അനുമതികളും നേടിയെടുത്ത് തറക്കല്ലിട്ട പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.

അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷ മുന്നണി ഒന്നടങ്കം ഈ സ്വപ്ന പദ്ധതിക്ക് സമരങ്ങളിലൂടെ തടസ്സം നിന്നവരാണ്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്‌തപ്പോൾ ഉമ്മൻചാണ്ടിയുടെ പേര് പറയാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. ഈ നടപടി കേരള സമൂഹം ഒരു കാലത്തും പൊറുക്കില്ലെന്ന് അനുസ്‌മരണ സമ്മേളനത്തിൽ വായിച്ചവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

പാവങ്ങളുടേയും അവശതയനുഭവിക്കുന്നവരുടേയും ക്ലേശിതരുടേയും നേർമുഖമായിരുന്നു ഉമ്മൻചാണ്ടി. ജനങ്ങൾ ഉള്ളിടത്തോളം കാലം ഇദ്ദേഹത്തെ വിസ്‌മരി ക്കില്ലെന്നും പ്രമേയത്തിൽ പറയുന്നു.കർഷക കോണ്ഗ്രസ് ജില്ലാ സെക്രട്ടറി കെ ഇ കാസിം അധ്യക്ഷത വഹിച്ച സമ്മേളനം

കോൺഗ്രസ്സ് കവളങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ ബാബു ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. പോത്താനിക്കാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സി ജോർജ് പ്രമേയം അവതരിപ്പിച്ചു.ജെയിംസ് കൊറമ്പേൽ,പി എം സിദ്ധിഖ്, കെ കെ അഷ്‌റഫ്‌, എൻ എഫ് തോമസ്,വർഗീസ് കൊന്നനാൽ,കെ പി മുഹമ്മദ്‌, എം എം സൈനുദ്ധീൻ, മൊയ്‌ദു മറ്റപ്പിള്ളിൽ.ജോളി വർക്കി, ഹനീഫ ഈറക്കൽ, എൻ എ അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *