കോതമംഗലം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ കോളേജുകളിൽ ആരംഭിച്ച നാല് വർഷ ബിരുദ പ്രോഗ്രാ മുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സംശയങ്ങൾ പരിഹരിക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ പൂർവ്വ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ തുറന്ന ചർച്ച സംഘടിപ്പിച്ചു. എം. ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗവും,പാലാ സെന്റ്. തോമസ് കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ലിബിൻ കുര്യാക്കോസ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ചർച്ച നയിച്ചു .
മൂന്നുവർഷ ബിരുദത്തിനോടൊപ്പം ഒരു വർഷം കൂടുതൽ പഠിക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് അക്കാദമിക താൽപ്പര്യങ്ങളും, കരിയർ ലക്ഷ്യങ്ങളും അനുസരിച്ച് ബിരുദ പ്രോഗ്രാം രൂപകൽപ്പന ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും,അറിവ് നേടുന്നതിനൊപ്പം,പ്രായോഗികമായ അറിവുകൾ ആർജ്ജിക്കുന്നതിനും സംരംഭകത്വ താല്പര്യങ്ങൾ ജനിപ്പിക്കുന്നതിനും, അതുവഴി തൊഴിൽ അന്വേഷകർ എന്ന നിലയിൽ നിന്ന് തൊഴിൽ ദാതാക്കൾ എന്ന നിലയിലേക്ക് വിദ്യാർത്ഥികളെ ഉയർത്തുന്നതിനും സഹായിക്കുന്ന വിധത്തിലാണ് ഈ കരിക്കുലം ഫ്രെയിം വർക്കിന്റെ രൂപകൽപ്പനയെന്നും,നിലവിലെ രീതിയിൽ മൂന്ന് വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാനുള്ള അവസരം നിലനിർത്തിയാണ് ഓണേഴ്സ് ബിരുദം നൽകുന്ന നാല് വർഷ കോഴ്സെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കുമായി നടന്ന തുറന്ന ചർച്ചയിൽ നാലു വർഷ ബിരുദ പാഠ്യപദ്ധതിയുടെ സമഗ്രമായ പരിചയപ്പെടു ത്തൽ,പുതിയ പാഠ്യപദ്ധതി പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ തുടർ പഠന, ഗവേഷണ സാധ്യതകൾ, പുതിയ പാഠ്യപദ്ധതി ഉൾപ്പെടുത്തിയുളള യുജി സിയുടെ കരട് മാർഗ നിർദേശങ്ങൾ എന്നിവ ചർച്ച ചെയ്തു . റിസേർച്ച് ഡീൻ ഡോ. രാജേഷ് കെ തുമ്പക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പ്രൊഫ. കെ. എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ്, വിദ്യാർത്ഥിനികളായ ശ്രീപാർവതി, ഗൗരി എന്നിവർ നേതൃത്വം കൊടുത്തു.
ചിത്രം :നാല് വർഷ ബിരുദ പഠനത്തേക്കുറിച്ച് കോതമംഗലം എം. എ. കോളേജിൽ നടന്ന തുറന്ന ചർച്ച പാലാ സെന്റ്. തോമസ് കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. ലിബിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. രാജേഷ്. കെ. തുമ്പക്കര, ഡോ. മഞ്ജു കുര്യൻ, പ്രൊഫ. കെ. എം. കുര്യാക്കോസ് എന്നിവർ സമീപം