കർഷക ദിനത്തിലും കണ്ണീരോടെ കർഷകർ: എൻ ഹരി

Kerala

കോട്ടയം: സംഭരണ വില മൂന്നു മാസങ്ങള്‍ക്ക് ശേഷവും നല്‍കാതെ കര്‍ഷകരെ വഞ്ചിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക ദിനാചരണത്തിലൂടെ കര്‍ഷകരെ പരിഹസിക്കുകയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി. കര്‍ഷക വഞ്ചനാ ദിനാചരണമായി ഈ ദിനം മാറിയെന്ന് ഹരി കുറ്റപ്പെടുത്തി.ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കര്‍ഷകര്‍ക്ക് ശനിദശയാണ്. നെല്ല് കര്‍ഷകരോട് കൊടുംക്രൂരതയാണ് കാട്ടിയിട്ടുളളത്.

നെല്ല് സംഭരിക്കുകയും അതിന്റെ പണത്തിനായി മാസങ്ങളോളം കാത്തിരിക്കുകയും കടക്കെണിയിലായി ജീവന്‍ ഒടുക്കേണ്ടിയും വന്ന അനവധി സംഭവങ്ങളാണുളളത്. നിലവില്‍ കഴിഞ്ഞ മൂന്നുമാസമായി സപ്ലൈകോ നെല്ല് സംഭരിച്ച വകയില്‍ ഇനിയും 3.42 കോടി രൂപയാണ് ലഭിക്കാനുളളത്. 2023-24 വര്‍ഷത്തെ രണ്ടാം വിളവിന്റെ ഭാഗമായി സംഭരിച്ച നെല്ലിന്റെ തുകയാണ് കിട്ടാനുളളത്. നേരത്തെ ഒരാഴ്ച്ചയില്‍ തന്നെ ലഭിച്ചിരുന്ന തുകയാണ് ഇപ്പോള്‍ അനിശ്ചിതമായി നീളുന്നത്.

സപ്ലൈകോ കോട്ടയം റീജ്യണല്‍ ഓഫീസിന് കീഴിലുളള കോട്ടയം ജില്ലയില്‍ മാത്രം മൂന്നുകോടി രൂപയാണ് ലഭിക്കാനുളളത്. 42 ലക്ഷം രൂപ എറണാകുളത്തിനും ലഭിക്കാനുളളത്. കര്‍ഷകര്‍ യഥാസമയത്ത് നെല്ലുവിറ്റതിനുളള ഔദ്യോഗിക രസീതായ പിആര്‍എസുകള്‍ അംഗീകൃത ബാങ്കുകളായ എസ്ബിഐയിലും കാനറാ ബാങ്കിലും സമര്‍പ്പിക്കാറുണ്ട്. പക്ഷേ മെയ് 20 മുതല്‍ കര്‍ഷകര്‍ എസ്ബിഐയില്‍ സമര്‍പ്പിച്ച പിആര്‍എസുകള്‍ അനുവദിച്ചിട്ടില്ല. കാരണം പണം നല്‍കാന്‍ നിര്‍ദേശം ലഭിക്കാത്തതിനാല്‍ നിര്‍ദേശം ബാങ്ക് പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല.

കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞ് തടിതപ്പുകയായിരുന്നു മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതെങ്കിലും കണക്കുകള്‍ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായി.ചെറുകിട കര്‍ഷകര്‍ നെല്ലുവില കിട്ടാതെ കടക്കെണിയില്‍ പിടയുകയാണ്. വളം ഉള്‍പ്പടെ കടമായി വാങ്ങിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. നിരവധി കര്‍ഷകര്‍ക്കാണ് പണം ലഭിക്കാനുളളത്. ഓഫീസുകളും ബാങ്കുകളും കയറി ഇറങ്ങി കര്‍ഷകര്‍ മടുക്കുകയാണ്.

നെല്ലിന് മാത്രമല്ല ഇതര വിളകള്‍ക്ക് വാഗ്ദാനം ചെയ്ത താങ്ങുവിലകളും കര്‍ഷകരില്‍ എത്തുന്നില്ലെന്നതാണ് സത്യം. റബര്‍ കൃഷി സബസ്ഡിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന ഭരണ- പ്രതിപക്ഷ നേതാക്കള്‍ മറ്റു കര്‍ഷക സമൂഹത്തിന്റെ പ്രതിസന്ധി കാണുന്നില്ലേ. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി റബര്‍ വില കുതിക്കുമ്പോള്‍ ആ നേട്ടത്തില്‍ മേനി നടിക്കാനാണ് ശ്രമം. കര്‍ഷകരാണ് നാടിന്റെ നട്ടെല്ല് എന്നത് കേരള സര്‍ക്കാരും ഭരണ- പ്രതിപക്ഷവും കാണാതെ പോകുന്നു.

കര്‍ഷകരുടെ മുടക്കുമുതലിന്റെ ഒരു ഭാഗം മാത്രമാണ് സംഭരണത്തിലൂടെ ലഭിക്കുന്നത്. കൈകാര്യ ചെലവുകള്‍ സംഭരണ ഏജന്‍സിയായ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ട്. പക്ഷേ ഈ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ചുമട്ടുകൂലി, വാരു കൂലി അടക്കം ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ.

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പൊതുഖജനാവിലെ പണം വിനിയോഗിച്ചു നടത്തുന്ന കര്‍ഷക ദിനാചരണ മാമാങ്കത്തിന്റെ പണമെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയാല്‍ അത്രയും ആശ്വാസമാകും.

തമിഴ്നാട്ടിൽ നെല്ല് ഉള്ളപ്പോൾ കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് അഭിമാനത്തോടെ പറയുന്ന മന്ത്രിയാണ് ഇവിടെയുള്ളത്. വമ്പു പറച്ചിൽ നിർത്തി നെല്ലു സംഭരണ കുടിശ്ശിക ‘എത്രയും കൊടുക്കാനും ഇതര കാർഷിക വിളകൾക്ക് കാലങ്ങളായി പ്രഖ്യാപിച്ച താങ്ങുവില നൽകാനുമുള്ള തീരുമാനമെടുക്കുകയാണ് ഈ കർഷക ദിനത്തിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *