വാട്സാപ്പില്‍ ട്രേഡിങ് ടിപ്പ്സ് നല്‍കാം എന്ന മെസേജ് കണ്ട് പ്രതികരിച്ച യുവതിയ്ക്ക് നഷ്ടമായത് 57 ലക്ഷം രൂപ. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് നിക്ഷേപ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴി തട്ടിപ്പുകാര്‍ സ്വന്തമാക്കിയത്. സംഭവത്തില്‍ മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടന്‍ വീട്ടില്‍ അബ്ദുറഹ്മാന് (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തില്‍ വീട്ടില്‍ ജിത്തു കൃഷ്ണന് (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ രോഷന്‍ റഷീദ് (26) എന്നിവരെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തു.
വാട്സാപ്പിലൂടെ ‘ഗോള്‍ഡ്മാന്‍ സച്ച്സ്’ എന്ന തങ്ങളുടെ കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപങ്ങള്‍ക്ക് ട്രേഡിങ് വഴി ഇരട്ടി ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവാക്കളുടെ തട്ടിപ്പ്. യുവതിയുടെ വാട്സാപ്പ് നമ്പറിലേക്ക് തങ്ങള്‍ കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ളവരാണെന്നും ലാഭ വിഹിതം കൂടുതല്‍ ലഭിക്കുന്നത് ഏതു വിധേനയാണെന്നും ബോധ്യപ്പെടുത്തിക്കൊണ്ട് പ്രതികള്‍ മെസേജ് അയച്ചു. തുടര്‍ന്ന് കമ്പനിയുടേത് എന്ന പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് യുവതിയെ ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്പനിയുടെ ട്രേഡിങ് ടിപ്സ് വഴി ലാഭം നേടിയ ആളുകളുടെ വിവരങ്ങളും അവരുടെ ലാഭവിഹിതവും ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ഇതുകണ്ട് വിശ്വസിച്ച യുവതി പല ഘട്ടങ്ങളിലായി 57 ലക്ഷത്തിലധികം രൂപ കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു.