വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ഓണാഘോഷങ്ങൾ വേണ്ട; കർശന നടപടിയെന്ന് എംവിഡി

Breaking Kerala

കോഴിക്കോട്: കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങൾ ഉപയോഗിച്ചുള്ള ഓണാഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ രാജീവ് പറഞ്ഞു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം അതിരുവിടുമെന്ന നി​ഗമനത്തെ തുടർന്നാണ് എംവിഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *