മൂന്നാർ കാട്ടാന ആക്രമണ ഭീഷണിയിൽ, കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ

Uncategorized

ഇടുക്കി :മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. പടയപ്പ, ചക്കക്കൊമ്പൻ എന്നീ കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. പറമ്പത്ത് മേയ്യുകയായിരുന്ന പശുവിന്റെ സമീപത്തേക്ക് ചക്കക്കൊമ്പൻ വരികയും, വിരണ്ടോടിയ പശുവിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പശുവിന്റെ നടുവൊടിഞ്ഞു.

സിങ്കുകണ്ടത്തെ സിമന്റ് പാലത്തിന് സമീപമാണ് ചക്കക്കൊമ്പൻ നിറയുറപ്പിച്ചിരിക്കുന്നത്. നിലവിൽ, പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇടുക്കിയിൽ പടയപ്പ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ദേവിക്കുളം താലൂക്ക് ഓഫീസിന് സമീപമാണ് പടയപ്പ ഇറങ്ങിയത്. പുലർച്ചെ 1 മണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഒരു വീടിന് മുന്നിലെത്തിയ പടയപ്പ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുന്നിലായി ഭക്ഷണസാധനങ്ങൾ തിരഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തി പടയപ്പയെ വനമേഖലയിലേക്ക് തുരത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *