തിരുവനന്തപുരം: വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് ലഭിച്ച തുകയും ഇതുവരെയും വിനിയോഗിച്ച തുകയും പുറത്ത്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകൾ ഉള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി ലഭിച്ചെന്നും ഇതിൽ 7.65 കോടി രൂപ വിനിയോഗിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. അക്കൗണ്ട് ഓഫീസർ നേരിട്ട് ഹാജരായെങ്കിലും വിഷയത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിൽ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ദുരന്തത്തിലെ നാശനഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച എസ്ഡിആർഎഫ് വിശദീകരണത്തിൽ കോടതി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഏകദേശ കണക്കുപോലും നൽകാൻ ആകുന്നില്ലെങ്കിൽ, പണം ലഭിക്കുന്നില്ലെന്ന് എങ്ങനെ പറയാൻ ആകുമെന്ന് കോടതി ആരായുകയും ചെയ്തിരുന്നു.