കോട്ടപ്പുറം : വൈപ്പിൻ – മുനമ്പം സംസ്ഥാന പാതയിൽ നടത്തിയ മനുഷ്യച്ചങ്ങല അധർമ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം കിടപ്പാടത്തിൻ്റെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട മുനമ്പം – കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈപ്പിൻ മുതൽ മുനമ്പം – കടപ്പുറം സമരപന്തൽ വരെ കോട്ടപ്പുറം – വരാപ്പുഴ രൂപത കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ സമാപനത്തിൽ മുനമ്പം കടപ്പുറം സമരപന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരുവാനുള്ള മനുഷ്യരുടെ ഉള്ളിന്റെ ഉള്ളിലുള്ള നന്മയുടെ നീർപ്രവാഹമാണ് മനുഷ്യചങ്ങല . ഇത് മനുഷ്യസ്നേഹത്തിന്റെ ചങ്ങലയാണെന്നും കൂട്ടായ്മയുടെ ചങ്ങലയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ ജിജു അറക്കത്തറ,കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ..ആൻ്റണി സേവ്യർ തറയിൽ,കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ റോക്കി റോബി കളത്തിൽ , ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കിഎന്നിവർ പ്രസംഗിച്ചു.
മുനമ്പം – കടപ്പുറം സമരപന്തലിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മനുഷ്യ ചങ്ങലയിൽ ആദ്യകണ്ണിയായി.
കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ ജോസഫ് കാരിക്കശ്ശേരി, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ.ഡോ ജിജു അറക്കത്തറ,പാഷനിസ്റ്റ് സെൻ്റ് തോമസ് വൈസ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ ഫാ തോമസ് ഏനമറ്റത്തിൽ, ജനറൽ കൗൺസിലർ ഫാ. പോൾ ചെറുകോടത്ത്, സുൽത്താൻപേട്ട് രൂപത പിആർഒ ഫാ. മെജോ നെടുംപറമ്പിൽ, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ..ആൻ്റണി സേവ്യർ തറയിൽ, സഹവികാരി ആൻ്റണി തോമസ് പോളക്കാട്ട് , ഫാ.ജോസ് കുര്യാപ്പിള്ളി, ഫാ. ജോസഫ് മാളിയേക്കൽ , പാഷനിസ്റ്റ് സഭ വൈദികർ,തുടങ്ങിയവർ മുനമ്പത്ത് മനുഷ്യ ചങ്ങലയിൽ ബിഷപ്പിനൊപ്പം കണ്ണിച്ചേർന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെയും കൊച്ചി രൂപതയുടെയും വൈപ്പിൻകരയിലെ എല്ലാ സുമനസുകളുടെയും സഹകരണത്തോടെയാണ് മനുഷ്യചങ്ങല നടന്നത്.
ഫോർട്ട് വൈപ്പിനിൽ നടന്ന ഉദ്ഘാടനത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ, സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ എന്നിവർ പങ്കെടുത്തു.
കോട്ടപ്പുറം രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും ആയിരങ്ങൾ ചങ്ങലയിൽ പങ്കെടുത്തു.മുപ്പതിനായിരത്തോളം വരുന്ന ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരന്നു. മനുഷ്യചങ്ങലക്കു ശേഷം വൈപ്പിൻകരയിലെ വിവിധ ഇടവകകളിൽ മുനമ്പം -കടപ്പുറം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങൾ നടന്നു. മുനമ്പം – കടപ്പുറം ജനതയുടെ സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള നിരാഹാര സമരം 85 ദിവസങ്ങൾ പിന്നിട്ടു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നാരങ്ങാനീരു നൽകിയതോടെ 85-ാം ദിനത്തിലെ നിരാഹാര സമരം സമാപിച്ചു.