വൈക്കം:മലയാള സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകളുമായി വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ 29-ാം മത് ചരമ വാർഷിക ദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചാരിക്കുന്നു. ബഷീർ മൺമറഞ്ഞതിനു ശേഷം എല്ലാ വർഷവും ജന്മനാടായ തലയോലപ്പറമ്പിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് അനുസ്മരണ പരിപാടികൾ സമിതി സംഘടിപ്പിക്കുന്നത്.
മലയാളത്തിലെ മുതിർന്ന എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും ബഷീറിന്റെ ജന്മനാടിന്റെ ഉപഹാരമായി ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ ബാല്യകാലസഖി പുരസ്കാരം കവിയും ഗാനരചിയതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്ക്കും നൽകും. ബഷീർ അമ്മ മലയാളം പുരസ്കാരം സാമൂഹ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധി ഭവൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. പുനലൂർ സോമരാജനും നൽകി ആദരിക്കും. ജൂലൈ 5 രാവിലെ 10 ന് ബഷീർ കുടുംബ സമേതം 1960 മുതൽ 64 വരെ താമസിച്ചിരുന്ന ഇന്നത്തെ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ചാണ് ബഷീർ ദിന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഭാരത് ഭവൻ മെംബർ സെക്രട്ടറിയും നാടക-സിനിമ സംവിധായകനുമായ പ്രമോദ് പയ്യന്നൂർ ബഷീർ ഓർമ്മകൾ പങ്കിടും. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ അമ്മ മലയാളം പുരസ്കാരം നൽകും. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ ആമുഖ പ്രസംഗം നടത്തും. ലളിതാ കല അക്കാദമി പുരസ്കാര ജേതാവ് മനോജ് . ഡി.വൈക്കം, യുവ ചലച്ചിത്ര സംവിധായകൻ തരൂൺ മൂർത്തി എന്നിവരെ ചടങ്ങിൽ ആദരിക്കും. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ അക്ഷയ് എസ്. പുളിമൂട്ടിൽ, ബഷീർ സ്മാരക സമിതി ഭാരവാഹികളായ ഡോ.എസ്. ലാലി മോൾ, മോഹൻ.ഡി.ബാബു, എം.ഡി. ബാബുരാജ്, ഡോ. യു. ഷംല, അഡ്വ. ടോമി കല്ലാനി, പ്രൊഫ.കെ.എസ്. ഇന്ദു, അബ്ദുൾ ആപ്പാഞ്ചിറ, സുധാംശു , കെ.എം.ഷാജഹാൻ, ഡോ.എസ്. പ്രീതൻ, പി.ജി.തങ്കമ്മ, എം.ജെ.ജോർജ്, ഡോ.അംബിക. എ. നായർ, ഡോ. വി.ടി.ജലജാ കുമാരി ബഷീർ കൃതിയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളായ സെയ്ത് മുഹമ്മദ്, ഖദീജ, പാത്തുക്കുട്ടി, ആരിഫ, സുബൈദ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ അറിയിച്ചു.
29മത് ബഷീർ ദിനം ജൂലൈ 5ന് വൈക്കം മുഹമ്മദ് ബഷിറിന്റെ ഓർമ്മകളുമായി ജന്മനാട് ഒരുങ്ങുന്നു
