കുരങ്ങുപനി വ്യാപിക്കുന്നു; ഇന്ത്യയിലും ജാ​ഗ്രത

Kerala

ന്യൂഡൽഹി: ലോകത്തിന്റെ പല ഭാഗങ്ങളിലും കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രത നിർദേശം. വിമാനത്താവളങ്ങളിലും അതിർത്തികളിലും അധികൃതർ പരിശോധന ശക്തമാക്കി. നിലവിൽ രാജ്യത്ത് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും രോ​ഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ രാജ്യത്ത് നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിൽ വലിയ രീതിയിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. രോഗം നേരത്തേ കണ്ടെത്തുന്നതിന് പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാണെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്തെ 32 ലബോറട്ടറികളിൽ എംപോക്സ് പരിശോധിക്കാൻ സൗകര്യമുണ്ട്. 2022 മുതൽ 116 രാജ്യങ്ങളിൽ നിന്ന് 99,176 കേസുകളും 208 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം പല രാജ്യങ്ങളിലും കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിൻ്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാൻ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യോഗം.

Leave a Reply

Your email address will not be published. Required fields are marked *