കോട്ടയം: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്‌ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്.
നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി, കാർഡിയോ തൊറാസിക് ആൻഡ് വാസ്‌ക്കുലാർ ടെക്നിക്സ് എന്നീ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.