ഇംഫാല്‍: മണിപ്പൂരില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഗവര്‍ണര്‍ അനുസുയ യുക്കിയോട് ആവശ്യപ്പെട്ട് ‘ഇന്ത്യ’ എംപിമാരുടെ സംഘം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചര്‍ച്ച നടത്തണമെന്നും ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ പറഞ്ഞു.
‘ഗവര്‍ണര്‍ ദുഃഖം പ്രകടിപ്പിച്ചു. രണ്ടു ദിവസത്തിനുളളില്‍ മണിപ്പൂരില്‍ ഞങ്ങള്‍ കണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ഗവര്‍ണറോട് സംസാരിച്ചു. കുക്കി, മെയ്തി സമുദായങ്ങളിലെ എല്ലാ നേതാക്കളോടും സംസാരിച്ച് ഒരു പരിഹാരത്തിനുളള വഴി കണ്ടെത്തണമെന്നും അവര്‍ ഉപദേശിച്ചു.
ഒരു സര്‍വകക്ഷി പ്രതിനിധി സംഘം മണിപ്പൂരില്‍ വന്ന് എല്ലാ സമുദായങ്ങളിലെയും നേതാക്കളുമായി സംസാരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുളള അവിശ്വാസത്തിന്റെ അന്തരീക്ഷം തുടച്ചുനീക്കാന്‍ എല്ലാവരും ഒരുമിച്ച് ഇറങ്ങണം,ക്യാമ്പില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ഇന്ന് പത്ത് മണിക്ക് 21 അംഗ എംപിമാരുടെ സംഘം രാജ്ഭവനില്‍ എത്തിയാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. പരമാവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ എംപിമാര്‍ അറിയിച്ചു.