ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂരിൽ സംഘർഷം തുടങ്ങി. സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ നശിപ്പിച്ചു. ചുരാചന്ദ്പൂരിലാണ് സംഭവം. പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്.8,500 കോടി രൂപയുടെ വികസന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-നാണ് മണിപ്പൂർ സന്ദർശിക്കുന്നത്. മണിപ്പൂരിൽ സംഘർഷം ഉടലെടുത്തതിനുശേഷം ആദ്യമായിട്ടാണ് അദ്ദേഹം സംസ്ഥാനം സന്ദർശിക്കാൻ എത്തുന്നത്.
മണിപ്പൂരിൽ സംഘർഷം, തോരണങ്ങൾ നശിപ്പിച്ചു

സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു ദ കോർഡിനേഷൻ കമ്മിറ്റി മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദർശിക്കുകയും പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷ.