ഒടിടിയിൽ വൻ അഭിപ്രായം നേടി മുന്നേറുകയാണ് തമിഴ് ചിത്രം മാമന്നന്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പരിയേറും പെരുമാളും കര്‍ണ്ണനും ഒരുക്കിയ മാരി സെല്‍വരാജ് ആണ്. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു. 27 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്.
കരിയറില്‍ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള വേഷമാണ് മാമന്നന് എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചിരിക്കുന്നത്. വടിവേലുവിന്റെ മകന് അതിവീരനായി ഉദയനിധി സ്റ്റാലിന് എത്തിയ ചിത്രത്തില്‍ രത്നവേലു എന്ന ഉയര്‍ന്ന ജാതിക്കാരനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലീല എന്ന നായികാ കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് ഉള്ള വാർത്തയാണ് ചർച്ച ആവുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് കീര്‍ത്തി സുരേഷിന് ലഭിച്ചിരിക്കുന്ന പ്രതിഫലം 2 കോടിയാണ്. ഫഹദ് ഫാസിലിന് 3 കോടിയും വടിവേലുവിന് 4 കോടിയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉദയനിധി സ്റ്റാലിന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്, പത്മന്, രാമകൃഷ്ണന്, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.