ഡല്‍ഹി: കഴിഞ്ഞ നൂറ്റാണ്ടിലെ ‘മഹാപുരുഷ്’ആണ് മഹാത്മാഗാന്ധിയെന്നും ഈ നാറ്റാണ്ടിലെ ‘യുഗ്പുരുഷ്’ ആണ് നരേന്ദ്രമോദിയെന്നും വിശേഷിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍.
ജൈന മതവിശ്വാസിയും തത്ത്വചിന്തകനുമായ ശ്രീമദ് രാജ്ചന്ദ്രജിക്ക് സമര്‍പ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധന്‍ഖര്‍. ‘ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു, കഴിഞ്ഞ നൂറ്റാണ്ടിലെ മഹാപുരുഷന്‍ മഹാത്മാഗാന്ധിയായിരുന്നു. നരേന്ദ്ര മോദി ഈ നൂറ്റാണ്ടിലെ യുഗ്പുരുഷാണ്.’
ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മഹാത്മാഗാന്ധി സത്യവും അഹിംസയും കൊണ്ട് നമ്മെ മോചിപ്പിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചു, അത് നാം എപ്പോഴും കാണാന്‍ ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയും പ്രധാനമന്ത്രി മോദിയും ശ്രീമദ് രാജ്ചന്ദ്രജിയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അതെസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാത്മാഗാന്ധിയോട് ഉപമിക്കുന്നത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. നിങ്ങള്‍ മഹാത്മാവുമായി മോദിയെ താരതമ്യം ചെയ്താല്‍ അത് ലജ്ജാകരമാണ്,നിങ്ങള്‍ പരിധി കടന്നിരിക്കുന്നു, എക്‌സിലെ ഒരു പോസ്റ്റില്‍ മാണിക്കം ടാഗോര്‍ എഴുതി.
പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു എംപിയെ ഒരു പ്രത്യേക സമുദായത്തിനെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് പാര്‍ലമെന്റില്‍ എന്ത് പുതിയ യുഗമാണ് ആരംഭിച്ചതെന്ന് ആശ്ചര്യപ്പെടുന്നതായി ബഹുജന്‍ സമാജ് പാര്‍ട്ടി എംപി ഡാനിഷ് അലിയും ധന്‍ഖറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചു.
ചന്ദ്രയാന്‍-3 ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സെപ്റ്റംബറില്‍ ലോക്‌സഭയില്‍ ബിഎസ്പി നേതാവിനെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മഹാത്മാഗാന്ധി കഴിഞ്ഞ നൂറ്റാണ്ടിലെ മഹാപുരുഷന്‍, മോദി ഈ നൂറ്റാണ്ടിലെ യുഗപുരുഷന്‍: ഉപരാഷ്ട്രപതി
