‘മണിപ്പൂരില്‍ സമാധാനം കൊണ്ടുവരും; പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് പ്രധാനമന്ത്രി

Breaking National

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മണിപ്പൂരില്‍ കലാപമുണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവില്ലെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ മറുപടി പറഞ്ഞു.

അവിശ്വാസപ്രമേയ മറുപടിയില്‍ പ്രതിപക്ഷ ബഹളത്തിനൊടുവിലാണ് മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്. ‘പ്രതിപക്ഷത്തിന് കേള്‍പ്പിക്കാനാണ് താല്‍പര്യം. കേള്‍ക്കാന്‍ താല്‍പര്യമില്ല. ആഭ്യന്തര മന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുവദിച്ചിരുന്നെങ്കില്‍ ചര്‍ച്ച മണിപ്പൂര്‍ വിഷയത്തില്‍ മാത്രമാകുമായിരുന്നു. എന്നാല്‍ അതനുവദിക്കാതെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അതിനാലാണ് എല്ലാ വിഷയവും മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. പക്ഷേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മണിപ്പൂരിനെ കുറിച്ച് സഭയില്‍ അമിത്ഷാ വിശദമായി സംസാരിച്ചു. രാജ്യം മുഴുവന്‍ മണിപ്പൂരിനൊപ്പമാണ്. മണിപ്പൂര്‍ വികസനത്തിന്റെ പാതയിലേക്ക് വരും. എന്നാല്‍ പ്രതിപക്ഷം സഭയില്‍ ഭാരതമാതാവിനെ കുറിച്ച് പറഞ്ഞത് വിഷമിപ്പിച്ചു. ഭാരതമാതാവിനെ അപമാനിച്ചത് ക്ഷമിക്കാനാകില്ല. മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും. ഭാരതമാതാവിനെ ഭിന്നിപ്പിച്ചതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിശ്വാസം കോണ്‍ഗ്രസ് തകര്‍ത്തു. 1966മാര്‍ച്ച് അഞ്ചിന് മിസോറാമില്‍ വ്യോമസേനയെ ഉപയോഗിച്ച് ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *