കൊച്ചി: കാഴ്ചശക്തിയില്ലാത്ത തന്നോട് കുട്ടികൾ ചെയ്ത പ്രവൃത്തി ഏറെ വിഷമിപ്പിച്ചുവെന്ന് മഹാരാജാസ് കോളജിൽ അവഹേളിക്കപ്പെട്ട അധ്യാപകൻ ഡോ. പ്രിയേഷ്. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
“ഇൻസ്റ്റഗ്രാമിലെ വിഡിയോയിൽ ക്ലാസ്സിൽ ഞാൻ ക്ലാസെടുക്കുന്നതാണ് കാണിക്കുന്നത്. ആ വീഡിയോയുടെ താഴെ ആക്ഷേപിക്കുന്ന തരത്തിൽ ധാരാളം കമൻ്റ്സ് ഒക്കെ വന്നിരുന്നു. അപ്പൊ അത് എനിക്ക് തീർച്ചയായിട്ടും വിഷമമുണ്ടാക്കി. കാരണം എനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടാണല്ലോ ക്ലാസ്സിൽ ഇങ്ങനെയൊക്കെ സംഭവിച്ചത്. നമ്മുടെ ഒരു പരിമിതിയെ ആണല്ലോ അവര് ചൂഷണം ചെയ്തത് എന്നുള്ള ഒരു തോന്നലുണ്ടായി. എനിക്ക് തോന്നുന്നു, പരിമിതിയുള്ള ഒരാൾക്ക് അത് കൃത്യമായിട്ട് മനസ്സിലാകും. കാരണം ഇതൊക്കെ നമ്മൾ ഇഷ്ടം പോലെ അനുഭവിച്ചിട്ടാണ് നമ്മളിപ്പോ പഠിപ്പിക്കാൻ പോകുന്നതൊക്കെ.”- അദ്ദേഹം പ്രതികരിച്ചു.
കമ്പ്യൂട്ടറിൽ ഒരു രണ്ടു മണിക്കൂർ വായിച്ചിട്ടാണ് ഒരു മണിക്കൂർ ക്ലാസ് എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു വ്യക്തി മാത്രമല്ലല്ലോ. ഞാനൊരു സാമൂഹ്യജീവി കൂടിയല്ലേ? നമുക്ക് കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. ഞാനും നമ്മുടെ ഡിപ്പാർട്ട്മെൻ്റും പ്രിൻസിപ്പലിന്റെ അടുത്ത് പരാതി നൽകിയിരുന്നു. തത്കാലം അവരെ സസ്പൻഡ് ചെയ്തിരിക്കുകയാണ്. കോളജ് ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. എന്റെ ഒരു നിലപാട് കോളേജിന്റെ ഉള്ളിൽ തന്നെ ഇത് പരിഹരിക്കണമെന്നാണ്. ഈ കുട്ടികൾക്ക് അവരുടെ തെറ്റ് മനസ്സിലാക്കുക എന്നുള്ളതാണ്. കുട്ടികളെ തിരുത്തി കൂടുതൽ നല്ല പൗരന്മാർ ആക്കുക എന്നുള്ളതാണല്ലോ നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ ഉദ്ദേശം തിരുത്തുക എന്നുള്ളതാണ്. ഇവര് വേദനിപ്പിക്കുന്നത് പ്രിയേഷ് എന്ന് പറയുന്ന ഒരു വ്യക്തിയെയല്ല. മറിച്ച് കാഴ്ചപരിമിതരായ ഒരു സമൂഹത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ്സ്മുറിയിൽ വെച്ച് വിദ്യാർഥികൾ അപമാനിച്ചത്.