കാല്പന്ത് കളിയിൽ മിന്നും താരമാകാൻ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ്‌ റാഫി

Sports

• എം.എ കോളേജിന്റെ കായിക പരിശീലന കളരിയിൽ നിന്ന് മറ്റൊരു ഐഎസ്എൽ താരത്തിന്റെ ഉദയം

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് കാല്പന്ത് കളിയിൽ മിന്നും താരമാകാൻ ഒരുങ്ങുകയാണ് കോളേജിലെ അവസാന വർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയായ മുഹമ്മദ് റാഫി. ഹൈദരാബാദ് എഫ് സി എന്ന പ്രൊഫഷണൽ ക്ലബ്ബിനായി ഐ എസ് എൽ ൽ റാഫി ബൂട്ടണിയും. കോതമംഗലം എം. എ കോളേജിൽ നിന്നും ഐ.എസ്.എല്ലിൽ എത്തുന്ന നാലാമത്തെ താരമാണ് മൂവാറ്റുപുഴ സ്വദേശിയായ മുഹമ്മദ് റാഫി. കഴിഞ്ഞ വർഷം നടന്ന ദക്ഷിണ മേഖല അന്തർ സർവ്വകലാശാല കാല്പന്ത് കളി മത്സരത്തിൽ എം.ജി സർവകലാശാലയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ റാഫിക്ക് കഴിഞ്ഞു.

ഖേലോ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ എം ജി സർവകലാശാല മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ടീമിൽ റാഫിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. മഷൂർ ശരീഫ് തങ്കളകത്ത്, അലക്സ് സജി, എമിൽ ബെന്നി എന്നിവരാണ് മുൻപ് എം. എ കോളേജിൽ നിന്നും ഐഎസ്എൽ ക്ലബ്ബുകളിൽ ഇടം നേടിയിട്ടുള്ളവർ . ഒരു വ്യാഴവട്ട കാലയളവിൽ ഏഴുതാരങ്ങളാണ് മാർ അത്തനേഷ്യസ് കോളേജിൽ നിന്നും സന്തോഷ് ട്രോഫിയിലും ഇടം നേടിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ കോതമംഗലം എം. എ. കോളേജിൽ നിന്നും അറുപതോളം താരങ്ങൾ മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *